ലാല്‍ മസ്ജിദ് ഉള്‍പ്പെടുന്ന മേഖലയിലെ താമസക്കാരെ ഡിഡിഎ അധികൃതര്‍ ഒഴിപ്പിച്ചു
|കോടതി ഉത്തരവിന്റെ ഭാഗമായാണ് ഒഴിപ്പിക്കല്‍ നടപടിയെന്ന് ഡിഡിഎ അധികൃതര്‍ പറഞ്ഞു
ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗക്ക് സമീപത്തുള്ള ലാല്‍ മസ്ജിദ് ഉള്‍പ്പെടുന്ന മേഖലയിലെ താമസക്കാരെ ഡിഡിഎ അധികൃതര്‍ ഒഴിപ്പിച്ചു. കോടതി ഉത്തരവിന്റെ ഭാഗമായാണ് ഒഴിപ്പിക്കല്‍ നടപടിയെന്ന് ഡിഡിഎ അധികൃതര്‍ പറഞ്ഞു. എന്നാല്‍ അങ്ങനെയൊരു ഉത്തരവില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പുലര്‍ച്ചെ നാല് മണിയോടെയാണ് ജെസിബി അടക്കമുള്ള വാഹനങ്ങളുമായെത്തിയ അധികൃതര്‍ ലാല്‍ മസ്ജിദ് നിവാസികളെ കുടിയൊഴിപ്പിച്ചത്. പ്രദേശത്തെ ഖബര്‍സ്ഥാനുകളും വീടുകളും പൊളിച്ചു മാറ്റി. സിആര്‍പിഎഫിന് ഡിഡിഎ നല്‍കിയ സ്ഥലമാണ് ഇതെന്ന് സിആര്‍പിഎഫ് അധികൃതര്‍ അവകാശപ്പെട്ടു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ 30 വര്‍ഷമായി കോടതിയില്‍ കേസ് നടക്കുകയാണെന്നും അങ്ങനെ ഒരു വിധിയില്ലെന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പറഞ്ഞു. ഒഴിപ്പിക്കുന്നത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.