ജെഎന്‍യുവില്‍ എസ്എഫ്ഐയും ഐസയും സഖ്യം ചേര്‍ന്ന് മത്സരിക്കും
|പ്രധാനസീറ്റുകളില്‍ മത്സരിക്കാത്ത എഐഎസ്എഫിന്റെ പിന്തുണയും സഖ്യത്തിനുണ്ട്
ഇതുവരെ എതിര്‍ചേരികളില്‍ നിന്നിരുന്ന എസ്എഫ്ഐയും ഐസയും ഇത്തവണ ജവഹര്‍ലാല്‍നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സഖ്യം ചേര്‍ന്ന് മത്സരിക്കും. പ്രധാനസീറ്റുകളില്‍ മത്സരിക്കാത്ത എഐഎസ്എഫിന്റെ പിന്തുണയും സഖ്യത്തിനുണ്ട്. ഇടത് പക്ഷ സ്വഭാവമുള്ള വോട്ടുകള്‍ വിഘടിക്കുന്നത് വര്‍ഗീയ സംഘടനകള്‍ക്ക് ഗുണകരമാകുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന നേതാക്കള്‍ പറഞ്ഞു.
ജെഎന്‍യുവിന്റെ ചരിത്രത്തിലാദ്യമായാണ് ഐസയും എസ്എഫ്ഐയും യോജിച്ച് മത്സരിക്കുന്നത്. വര്‍ഗീയ ശക്തികളെ തുരുത്തുക, ജെഎന്‍യുവിനെ സംരക്ഷിക്കുക എന്നതാണ് സഖ്യത്തിന്റെ മുദ്രാവാക്യം. മാധ്യമപഠന ഗവേഷണ വിദ്യാര്‍ഥിയും ഐസ നേതാവുമായ മൊഹിത് പാണ്ഡെയാണ് സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. എറണാകുളം സ്വദേശിയും എസ്എഫ്ഐ നേതാവുമായി പി.പി അമലാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി.
ജെഎന്‍യു രാജ്യദ്രോഹ കേസിലടക്കം ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിച്ചെങ്കിലും ബിര്‍സ ഫൂലേ അംബേദ്ക്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ ഒറ്റക്കാണ് മത്സരിക്കുന്നത്. എസ്ഐഒ ബപ്സയെ പിന്തുണക്കുന്നുണ്ട്. എന്‍എസ്‌സുവും എബിവിപിയും എല്ലാ സീറ്റിലും മത്സരരംഗത്തുണ്ട്. ഇടതുപക്ഷ വിദ്യാര്‍ഥി സഖ്യവും എബിവിപിയും തമ്മിലാണ് പ്രധാന പോരാട്ടം. സെപ്റ്റംബര്‍ 9 നാണ് തെരഞ്ഞെടുപ്പ്.