India
പശുവിനെ ചൊല്ലി ഗുജറാത്തില്‍ ദലിതര്‍ക്ക് മര്‍ദ്ദനം; തല്ലിച്ചതയ്ക്കപ്പെട്ടവരില്‍ ഗര്‍ഭിണിയുംപശുവിനെ ചൊല്ലി ഗുജറാത്തില്‍ ദലിതര്‍ക്ക് മര്‍ദ്ദനം; തല്ലിച്ചതയ്ക്കപ്പെട്ടവരില്‍ ഗര്‍ഭിണിയും
India

പശുവിനെ ചൊല്ലി ഗുജറാത്തില്‍ ദലിതര്‍ക്ക് മര്‍ദ്ദനം; തല്ലിച്ചതയ്ക്കപ്പെട്ടവരില്‍ ഗര്‍ഭിണിയും

Sithara
|
2 Jun 2018 6:35 PM GMT

ചത്തപശുവിനെ നീക്കം ചെയ്യാന്‍ വിസമ്മതിച്ചതിന് ദലിത് കുടുംബത്തെ സവര്‍ണര്‍ മര്‍ദ്ദിച്ചു

ഗുജറാത്തില്‍ ദലിതര്‍ക്ക് നേരെ പശുവിനെ ചൊല്ലിയുള്ള അതിക്രമം തുടരുന്നു. ചത്തപശുവിനെ നീക്കം ചെയ്യാന്‍ വിസമ്മതിച്ചതിന് ദലിത് കുടുംബത്തെ സവര്‍ണര്‍ മര്‍ദ്ദിച്ചു. തല്ലിച്ചതച്ചവരില്‍ ഗര്‍ഭിണിയായ യുവതിയും ഉള്‍പ്പെടുന്നു. ബനസ്‌കന്ത ജില്ലയിലെ കാര്‍ജ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചത്തപശുവിനെ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരു സംഘം വെള്ളിയാഴ്ച രാത്രി തങ്ങളെ സമീപിക്കുകയായിരുന്നുവെന്ന് ദലിത് കുടുംബം പറയുന്നു. ഇന്ന് രാത്രി പറ്റില്ല, അടുത്ത ദിവസം ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ സംഘം തങ്ങളെ മര്‍ദ്ദിച്ചുവെന്ന് ദലിത് കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ കുടുംബത്തിലെ ആറ് പേര്‍ക്ക് പരുക്കേറ്റു. കുടുംബത്തിലെ ഗര്‍ഭിണിയായ യുവതിക്ക് വയറിലാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നട്‍വര്‍‌സിന്‍ഹ് ചൗഹാന്‍, മക്‌നുസിന്‍ഹ് ചൗഹാന്‍, യോഗിസിന്‍ഹ് ചൗഹാന്‍, ബബര്‍സിന്‍ഹ് ചൗഹാന്‍, ദില്‍ഗര്‍സിന്‍ഹ് ചൗഹാന്‍, നരേന്ദ്രസിന്‍ഹ് ചൗഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയാനുള്ള നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാര്‍ജയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

ഉനയില്‍ ദലിത് യുവാക്കളെ ഗോരക്ഷകര്‍ തല്ലിച്ചതച്ചത് രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇനിമുതല്‍ ചത്തപശുക്കളെ സംസ്കരിക്കില്ലെന്ന് ദലിതര്‍ തീരുമാനിച്ചു. ദലിത് പ്രക്ഷോഭം സംസ്ഥാനത്തെ ഇളക്കിമറിക്കുന്നതിനിടെയാണ് പശുവിന്റെ പേരില്‍ വീണ്ടും ദലിത് പീഡനം നടന്നത്.

Similar Posts