India
മലപ്പുറം സൈന്യത്തിന് കൈമാറണം, അഫ്‌സ്പ പ്രയോഗിക്കണം സുബ്രഹ്മണ്യം സ്വാമി'മലപ്പുറം സൈന്യത്തിന് കൈമാറണം, അഫ്‌സ്പ പ്രയോഗിക്കണം' സുബ്രഹ്മണ്യം സ്വാമി
India

'മലപ്പുറം സൈന്യത്തിന് കൈമാറണം, അഫ്‌സ്പ പ്രയോഗിക്കണം' സുബ്രഹ്മണ്യം സ്വാമി

Subin
|
2 Jun 2018 12:10 PM GMT

മലപ്പുറത്ത് പ്രത്യേക സൈനിക അധികാര നിയമം നടപ്പാക്കണമെന്ന് പറഞ്ഞ സുബ്രഹ്മണ്യം സ്വാമി മലപ്പുറം കളക്ടറേറ്റിലെ സ്‌ഫോടനം ഐഎസ് പരിശീലനത്തിന്റെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു...

മലപ്പുറം ജില്ലയുടെ നിയന്ത്രണം സൈന്യത്തിന് കൈമാറാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മലപ്പുറത്ത് പ്രത്യേക സൈനിക അധികാര നിയമം നടപ്പാക്കണമെന്ന് പറഞ്ഞ സുബ്രഹ്മണ്യം സ്വാമി മലപ്പുറം കളക്ടറേറ്റിലെ സ്‌ഫോടനം ഐഎസ് പരിശീലനത്തിന്റെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു. മലപ്പുറം ജില്ല സിപിഎമ്മിന്റെ ആദ്യ പാപമാണെന്നും ദ വീക് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.

നവംബര്‍ ഒന്നിനാണ് മലപ്പുറം സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് വാഹനത്തില്‍ സ്‌ഫോടനമുണ്ടായത്. പ്രഷര്‍കുക്കറും അമോണിയം നൈട്രേറ്റുമാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു. ബേസ് മൂവ്‌മെന്റ് എന്ന ലെറ്റര്‍പാഡിലുള്ള നോട്ടീസ് അടങ്ങിയ ഒരു പെട്ടിയും പെന്‍ ഡ്രൈവും സ്‌ഫോടനം നടന്ന പ്രദേശത്തു നിന്നും ലഭിച്ചിരുന്നു.

ബീഫ് കഴിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ കൊന്നതിന്റെ പ്രതികാരമായാണ് സ്‌ഫോടനമെന്നും പ്രദേശത്തു നിന്നും കണ്ടെടുത്ത നോട്ടീസില്‍ പറഞ്ഞിരുന്നു. എന്‍ഐഎയും സംസ്ഥാന പൊലീസും സഹകരിച്ചാണ് കേസന്വേഷണം നടത്തുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന പൊലീസ് സംഘം സംഭവം അന്വേഷിക്കുന്നുണ്ട്. അതേസമയം സംഭവത്തെ സംസ്ഥാന സര്‍ക്കാര്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെയല്ല കാണുന്നതെന്ന് ആരോപിച്ച് ഒ രാജഗോപാല്‍ എംഎല്‍എ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.

കേരളത്തിലെ മതേതര ജനാധിപത്യ സര്‍ക്കാറിന് ഭരണഘടനയും പൗരന്റെ സുരക്ഷയും ഉറപ്പാക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ സുബ്രഹ്മണ്യം സ്വാമി സംഭവസ്ഥലം അടിയന്തരമായി സന്ദര്‍ശിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്വാമിയുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് കോഴിക്കോട് എംഎല്‍എയും മുന്‍ മന്ത്രിയുമായ എംകെ മുനീര്‍ പറഞ്ഞു. സംഭവത്തില്‍ ഏതുതരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്നും കുറ്റക്കാരെ വെറുതെ വിടരുതെന്നും എംകെ മുനീര്‍ ആവശ്യപ്പെട്ടു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെയും മലയാളഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റേയും നാടാണ് മലപ്പുറം. ആ മലപ്പുറത്തെ മറ്റൊരു കശ്മീരാക്കാനാണ് ഫാസിസ്റ്റ് ശക്തികളുടെ ശ്രമമെന്നും ഇത് അനുവദിക്കില്ലെന്നും മുനീര്‍ പറഞ്ഞു.

Related Tags :
Similar Posts