വരള്‍ച്ചക്കാശ്വാസമായെത്തിയ ട്രെയിനില്‍ അവകാശവാദവുമായി ബി.ജെ.പി
|സ്റ്റേഷനിൽ എത്തിയ ട്രെയിന്റെ വാഗണുകളിൽ ബി.ജെ.പി പ്രവർത്തകർ കയറുകയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനും നന്ദി അർപ്പിച്ചുകൊണ്ടുള്ള ബാനറുകൾ സ്ഥാപിച്ചു.
രൂക്ഷമായ വരള്‍ച്ച നേരിടുന്നതിനിടെ മഹാരാഷ്ട്രയിലെ ലാത്തൂരിന് ആശ്വാസമായി കുടിവെള്ളവുമായി ട്രെയിൻ എത്തി. എന്നാൽ ട്രെയിന് അവകാശവാദവുമായി ബി.ജെ.പി രംഗത്തെത്തി. സ്റ്റേഷനിൽ എത്തിയ ട്രെയിന്റെ വാഗണുകളിൽ ബി.ജെ.പി പ്രവർത്തകർ കയറുകയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനും നന്ദി അർപ്പിച്ചുകൊണ്ടുള്ള ബാനറുകൾ സ്ഥാപിക്കുകയുമായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. ലാത്തൂര്‍ ഭരിക്കുന്നത് തങ്ങളാണ്. അതിനാല്‍ വെള്ളമെത്തിക്കാന്‍ തങ്ങളും പ്രയത്‌നിച്ചിട്ടുണ്ടെന്നും ചുളുവില്‍ ക്രെഡിറ്റ് അടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ വിതരണം ചെയ്ത ദുരിതശ്വാസ കിറ്റുകളില്ലെല്ലാം ജയലളിതയുടെ ചിത്രമുള്ള അമ്മ സ്റ്റിക്കര്‍ പതിച്ചത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
അഞ്ചുലക്ഷം ലീറ്റർ ജലവുമായി പതിനെട്ടു മണിക്കൂർ പിന്നിട്ടാണ് ട്രെയിൻ ലാത്തൂരിലെത്തിയത്. 10 ബോഗികളിലും 50,000 ലീറ്റർ വീതം ജലമാണുള്ളത്.
അതേ സമയം ജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ലാത്തൂര്‍ നിവാസികള്‍ക്ക് സഹായഹസ്തവുമായി ഡല്‍ഹി സര്‍ക്കാരും രംഗത്തെത്തി. കടുത്ത വരള്‍ച്ച നേരിടുന്ന ലാത്തൂര്‍ നിവാസികള്‍ക്ക് ദിനംപ്രതി പത്തുലക്ഷം ലിറ്റര്‍ ജലമെത്തിക്കാന്‍ തയ്യാറാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.