വീണ്ടും വായ്പ തട്ടിപ്പ്: ആര്‍ പി ഇന്‍ഫോ സിസ്റ്റം തട്ടിച്ചത് 515 കോടി
|കനറാ ബാങ്കിന്റെ കേസിന്റെ അടിസ്ഥാനത്തില്‍ സിബിഐ, കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
പി എന്‍ ബി തട്ടിപ്പിന് പിന്നാലെ മറ്റൊരു വായ്പ തട്ടിപ്പ് കൂടി പുറത്ത്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ പി ഇന്‍ഫോ സിസ്റ്റം എന്ന സ്ഥാപനം ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 515 കോടി തട്ടിച്ചെന്നാണ് കേസ്. കനറാ ബാങ്കിന്റെ കേസിന്റെ അടിസ്ഥാനത്തില്‍ സിബിഐ, കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ പി ഇന്‍ഫോ സിസ്റ്റമാണ് വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയത്. ലാപ്‍ടോപ്പും ഡെസ്ക്ടോപ്പും നിര്‍മിക്കുന്ന ആര്‍ പി ഇന്‍ഫോ സിസ്റ്റം 17 ബാങ്കുകളിലെ ബാധ്യത പത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 515 കോടി വായ്പയെടുത്തത്.
വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് കനറാബാങ്ക് സ്ഥാപനത്തിനെതിരെ പരാതി നല്‍കിയത്. കമ്പനിയുടെ കണക്കുകളില്‍ കൃത്രിമത്വം നടത്തിയാണ് സ്ഥാപന ഉടമകള്‍ വായ്പയെടുത്തതെന്ന് 2015 ല്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരം എസ്‍ബിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കായി എടുത്ത വായ്പ ചട്ടവിരുദ്ധമായി വഴിമാറ്റി ചെലവഴിച്ചതായും കണ്ടെത്തി. കമ്പനി ഡയറക്ടര്‍മാരായ ശിവാജി പഞ്ച, കൌസ്തുവ് റായ്, വിനയ് ബഫ്ന, കമ്പനി വൈസ് പ്രസിഡന്റ് ദേബ്‍നാഥ് പാല്‍, എന്നിവരാണ് പ്രതികള്‍. ഇവര്‍ക്ക് പുറമെ ബാങ്ക് ജീവനക്കാരുടെ പങ്കിനെ കുറിച്ചും അന്വേഷണം നടത്തണമെന്നും കനറാബാങ്ക് നല്‍കിയ പരാതിയില്‍ പറയുന്നു.