നിപ വൈറസ്: അതിര്‍ത്തിയില്‍ തമിഴ്‍നാടിന്റെ ആരോഗ്യവകുപ്പ് കേന്ദ്രങ്ങള്‍
|പനിയുടെ ലക്ഷണമുള്ളവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച്, പേരുവിവിരങ്ങള്‍ രേഖപ്പെടുത്തിയാണ് യാത്രക്കാരെ കടത്തിവിടുന്നത്.
നിപ വൈറസ് ബാധ തടയാന്‍ കേരള-തമിഴ്‍നാട് അതിര്‍ത്തിയില്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ കര്‍ശന പരിശോധന. ഇടുക്കി ജില്ലയുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് തമിഴ്‍നാടിന്‍റെ പരിശോധന. ചെക്പോസ്റ്റിനു സമീപം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തമിഴ്‍നാട് ആരോഗ്യവകുപ്പിന്‍റെ കേന്ദ്രങ്ങള്‍ തുറന്നു.
കേരളത്തില്‍ നിന്നുള്ള നിപ വൈറസ് വാര്‍ത്തകള്‍ ദേശീയതലത്തില്‍ പോലും ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് തമിഴ്‍നാട് സര്‍ക്കാരിന്‍റെ അടിയന്തര പ്രതിരോധ നടപടികള്‍. കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ പങ്കിടുന്ന ഇടങ്ങളിലും ചെക് പോസ്റ്റുകളിലുമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പിന്‍റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
കേരളത്തില്‍നിന്ന് കടന്നുപോകുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും തമിഴ്‍നാട് ആരോഗ്യവകുപ്പിന്‍റെ പരിശോധന. പനിയുടെ ലക്ഷണമുള്ളവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച്, പേരുവിവിരങ്ങള്‍ രേഖപ്പെടുത്തിയാണ് യാത്രക്കാരെ കടത്തിവിടുന്നത്. പനിയുള്ളവരുടെ രക്തസാമ്പിളുകള്‍ തേനി മെഡിക്കല്‍കോളജിലേക്ക് പരിശോധനയ്ക്ക് അയക്കും. രണ്ട് ഡോക്ടര്‍മാരടങ്ങുന്ന പത്തംഗ സംഘമാണ് പരിശോധനയ്ക്കായി വിവിധ അതിര്‍ത്തി പ്രദേശങ്ങളിലുള്ളത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കമ്പം, കമ്പംമെട്ട്, ബോഡിമെട്ട, കുമളി, ഉദമല്‍പേട്ട തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലാണ് ആദ്യ ഘട്ടമായി പതിനഞ്ച് ദിവസത്തേക്ക് തമിഴ്‍നാട് ആരോഗ്യവകുപ്പിന്‍റെ പരിശോധന.