അമിത് ഷാ ഗുജറാത്ത് രാഷ്ട്രീയത്തിലെ വൃത്തികെട്ട മനുഷ്യന്‍: ഹാര്‍ദിക് പട്ടേല്‍
|ഗുജറാത്തില്‍ പേരിന് മാത്രമാണ് മുഖ്യമന്ത്രി. ഗുജറാത്ത് ഭരിക്കുന്നത് അമിത് ഷായാണെന്ന് ഹാര്‍ദിക് പട്ടേല്‍
ഗുജറാത്ത് രാഷ്ട്രീയത്തിലെ വൃത്തികെട്ട മനുഷ്യനാണ് അമിത് ഷായെന്ന് പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍. ഗുജറാത്തില്‍ മുഖ്യമന്ത്രി പേരിന് മാത്രമാണ്. ഗുജറാത്ത് ഭരിക്കുന്നത് അമിത് ഷായാണ്. പട്ടേല്‍ സമുദായാംഗത്തെ തള്ളിയാണ് റുപാനിയെ മുഖ്യമന്ത്രിയാക്കിയത്. റുപാനി അമിത് ഷായുടെ ആളായതുകൊണ്ടുതന്നെ പട്ടേല്‍ സംവരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും ഹാര്‍ദിക് പറഞ്ഞു.
ഗുജറാത്തില്‍ ദലിതര്‍ക്കതിരായുള്ള അതിക്രമത്തെ കുറിച്ചുള്ള ചോദ്യത്തിന് നാല് ദലിതര്‍ക്ക് മര്‍ദ്ദനമേറ്റതാണോ അതിക്രമം എന്നായിരുന്നു ഹാര്‍ദികിന്റെ മറുപടി. പട്ടേല്‍ സമുദായത്തില്‍പ്പെട്ട 14 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. മോദി പറയുന്നത് ദലിതരെയല്ല തന്നെ വെടിവെയ്ക്കൂ എന്നാണ്. ദലിതരല്ല, പട്ടേല്‍ സമുദായാംഗങ്ങളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതെന്ന് അദ്ദേഹം അറിയണമെന്നും ഹാര്‍ദിക് പറഞ്ഞു.
എന്തുകൊണ്ടാണ് പട്ടേല്‍ സമുദായം തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന് 2017ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഈ ചോദ്യം ചോദിക്കൂ ഉത്തരം ലഭിക്കുമെന്നായിരുന്നു മറുപടി. 23 വയസ്സ് മാത്രമുള്ള തനിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. പുതിയ പാര്‍ട്ടിയുണ്ടാക്കി മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആവശ്യമെങ്കില്‍ സമുദായത്തിലെ ആരെയെങ്കിലും മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഹാര്‍ദിക് പറഞ്ഞു. ജാതി രാഷ്ട്രീയത്തില്‍ വിശ്വാസമില്ല. ദലിത് എന്നോ മുസ്ലിം എന്നോ വ്യത്യാസമില്ല. എല്ലാ വ്യക്തികള്‍ക്കും പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പട്ടേല്‍ സംവരണത്തിനാണ് മുന്‍ഗണനയെങ്കിലും കര്‍ഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ഉന്നമനത്തിന് വേണ്ടി കൂടിയാണ് തന്റെ സമരം. ബാല്‍ താക്കറെയും ഛത്രപതി ശിവജിയുമാണ് തന്റെ ഹീറോകളെന്നും ഹാര്‍ദിക് വ്യക്തമാക്കി.