മോദി സര്‍ക്കാരുമായി കത്തോലിക്കാ സഭക്ക് നല്ല ബന്ധമെന്ന് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര
|കത്തോലിക്കാ സഭക്ക് നരേന്ദ്ര മോദി സര്‍ക്കാരുമായി നല്ല ബന്ധമെന്ന് സീറോ മലബാര്‍ സഭാ ഫരീദാബാദ് രൂപത.
മോദി സര്‍ക്കാരുമായി കത്തോലിക്കാ സഭക്ക് നല്ല ബന്ധമാണുള്ളതെന്ന് സീറോ മലബാര്‍ ഫരീദാബാദ് രൂപതാ അധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര. കത്തോലിക്കാ സഭക്ക് പുറമെ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുമായും മോദി സര്‍ക്കാരിന് നല്ല ബന്ധമുണ്ട്.
മോദി സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടുകളില്‍ തുടക്കത്തില്‍ സഭക്കുണ്ടായിരുന്ന എതിര്‍പ്പ് ഇപ്പോഴില്ലെന്നും ബിഷപ്പ് പറഞ്ഞു.
മോദി സര്‍ക്കാറിനെതിരെ മയപ്പെടുത്തിയ നിലപാടുകളോടെയായിരുന്നു സീറോ മലബാര്‍ ഫരീദാബാദ് രൂപതാ അധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ പ്രതികരണങ്ങള്‍. മോദി സര്‍ക്കാരിന്റെ ഹൈടെക് വികസന കാഴ്ചപ്പാടുകളിലായിരുന്നു സഭക്ക് എതിര്‍പ്പുണ്ടായിരുന്നത്. ഇപ്പോഴതില്ല. തുടക്കത്തില്‍ നിന്നും വ്യത്യസ്തമായി ദുര്‍ബല വിഭാഗങ്ങള്‍ക്ക് അനുകൂലമായ വികസന നയമാണ് നിലവില്‍ മോദി സര്‍ക്കാരിന്റേതെന്നും ബിഷപ്പ് പ്രതികരിച്ചു.
ഉനയിലെ ദളിത് പീഡനം, പശുവിറച്ചി വിവാദങ്ങള്‍ എന്നിവയില്‍ സര്‍ക്കാര്‍ നിലപാടിനോട് സഭക്ക് എതിര്‍പ്പുണ്ട്. സമത്വവും സാമൂഹ്യനീതിയും നടപ്പിലാകണം എന്നതാണ് സഭ നിലപാട്. ഇന്ത്യ - പാക് ബന്ധം, കശ്മീര്‍ വിഷയം എന്നിവയില്‍ തുറന്ന ചര്‍ച്ചകളാണ് ആവശ്യം.
ഇന്ത്യ- പാക് പ്രശ്നങ്ങളില്‍ നയതന്ത്രപരമായ പരിഹാരമാണ് വേണ്ടത്. യുദ്ധാഹ്വാനം നടത്തുന്നത് അപലപനീയമാണ്. വിവേകപൂര്‍ണമായ സമീപനമാണ് വേണ്ടത്. കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് കത്തോലിക്ക സഭ സാധിക്കുന്നതെല്ലാം ചെയ്യും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് കത്തയക്കാന്‍ ആലോചിക്കുന്നതായും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.