മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ചതില്‍ പ്രതിഷേധം ശക്തം
|മര്‍ദ്ദനത്തില്‍ വലതുകണ്ണിന് ഗുരുതര പരിക്കേറ്റ മലപ്പുറം സ്വദേസി ആര് സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ചതില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. രാത്രി ക്യാമ്പസിന് പുറത്ത് ബീഫ് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അപലപിച്ചു. സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയോട് നടപടിയെടുക്കാന്‍ നിര്‍ദേശിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന വിജ്ഞാപനത്തിനെതിരെ ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ഥികളെയാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. ചൊവ്വാഴ്ചയാണു മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാര്‍ഥിക്ക് അക്രമിസംഘത്തിന്റെ ക്രൂരമര്‍ദനമേറ്റത്. ഇതിൽ മലപ്പുറം സ്വദേശിയും എയ്റോസ്പേസ് പിഎച്ച്ഡി വിദ്യാർഥിയുമായ ആർ.സൂരജിന്റെ വലതുകണ്ണിനു ഗുരുതരമായി പരുക്കേറ്റു. ഓഷ്യന്‍ എൻജിനീയറിങ് വിഭാഗത്തിലെ പിജി വിദ്യാർഥിയും ഉത്തരേന്ത്യക്കാരനുമായ മനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സൂരജിനെ മര്‍ദ്ദിച്ചത്. ക്യാംപസിലെ ബീഫ് തീറ്റക്കാരായ എല്ലാവരെയും കൊല്ലുമെന്നു സംഘം ഭീഷണിപ്പെടുത്തിയതായി സൂരജിന്റെ സുഹൃത്തുക്കൾ പറഞ്ഞു. അക്രമികൾക്കെതിരെ ക്യാംപസ് അധികൃതർക്കും കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനിലും വിദ്യാർഥികൾ പരാതി നല്‍കിയിരുന്നു. സൂരജിനെ മര്‍ദിച്ചതില്‍ രാത്രി വൈകിയും വിദ്യാര്‍ഥികളുടെ പ്രതിഷേധമുണ്ടായി. ക്യാമ്പസിന് പുറത്ത് ബീഫ് കഴിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.
മര്‍ദ്ദനത്തിന് ഇരയായ ഗവേഷണ വിദ്യാര്‍ഥി സുരജിനെതിരെയും കേസെടുത്തിട്ടുണ്ട്. മനീഷ് കുമാര്‍ സിങ് നല്കിയ പരാതിയിലാണ് സൂരജിനെതിരെ കേസെടുത്തിട്ടുള്ളത്. സൂരജ് തന്നെ അക്രമിക്കുകയും കൈയ്ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് മനീഷ് കുമാര്‍ നല്കിയ പരാതിയിലെ ആരോപണം. അതിനിടെ, ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് മദ്രാസ് ഐ.ഐ.ടി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകുമെന്ന് ഐ.ഐ.ടി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.