സിബിഐ റെയ്ഡിനുള്ള കേസ് കെട്ടിച്ചമച്ചതെന്ന് എന്‍ഡിടിവി
|ബാങ്കിലെ വായ്പ 7 വര്‍ഷം മുമ്പ് തിരിച്ചടച്ചു; നടപടി പ്രാഥമിക അന്വേഷണം പോലുമില്ലാതെ
ഏഴ് വര്‍ഷം മുമ്പ് അടച്ച് തീര്‍ത്ത വായ്പയുടെ പേരിലാണ് സിബിഐ റെയ്ഡ് നടത്തിയതെന്ന് എന്‍ഡിടിവി. എന്‍ഡിവിയുടെ മുന്‍ ജീവനക്കാരന്റെ പരാതിയില്‍ യാതൊരു പ്രാഥമികന്വേഷണവും നടത്താതെയുള്ള റെയ്ഡ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നും എന്‍ഡിവി ഗ്രൂപ്പ് വാര്‍ത്ത കുറിപ്പില്‍ ആരോപിച്ചു.
ഐസിഐസിഐ ബാങ്കില്‍ നിന്നും 2008ല്‍ എടുത്ത 375 കോടി രൂപയുടെ വായ്പയില്‍ 45കോടി രൂപ അടച്ചില്ലെന്നും, ഇത് ബാങ്കിന് നഷ്ടമുണ്ടാക്കിയെന്നും ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ എന്‍ഡിടിവി ഉടമകളായ പ്രണോയ് റോയിയുടെയും, രാധിക റോയിയുടെയും വസതികളിലും ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയത്. ഈ കേസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് എന്‍ഡിടിവി ആരോപിച്ചു.
ഐസിഐസിഐ ബാങ്കില്‍ നിന്നും എടുത്ത 375 കോടി രൂപയുടെ വായ്പ 2009ല്‍ പൂര്‍ണ്ണമായും അടച്ച് തീര്‍ത്തതാണെന്ന് വാര്‍ത്ത കുറിപ്പില്‍ പറയുന്നു. വായ്പ തിരിച്ചടച്ചതായി തെളിയിക്കുന്ന രേഖയും കുറിപ്പിനൊപ്പം എന്‍ഡിവി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
എന്‍ഡിടിവിയില്‍ നേരത്തെ ജോലി ചെയ്തിരുന്ന സുനില്‍ ദത്തെന്നയാള് നല്കിയ പരാതിയില്‍ യാതൊരു പ്രാഥമിക പരിശോധനയും കൂടാതെ സിബിഐ റെയ്ഡ് നടത്തുകയായിരുന്നുവെന്നും, സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിന് നേര്‍ക്കുള്ള കടന്ന് കയറ്റമായേ ഇതിനെ കാണാനാകൂ എന്നും കുറിപ്പില്‍ പറയുന്നു.