വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ആര്‍ബിഐ
|ഈ വര്‍ഷം പണപ്പെരുപ്പം 4.2 മുതല്‍ 4.6 വരെ വര്‍ദ്ധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍
നടപ്പുസാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചാതോത് കുറയുമെന്ന് ആര്‍.ബി.ഐ. പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും അധികമായി ഉയരുമെന്നും ദൈ്വമാസ വായ്പ അവലോകനത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ മുഖ്യവായ്പ നിരക്കുകളില്‍ മാറ്റം വരുത്താന്‍ ആര്‍.ബി.ഐ തയ്യാറായില്ല.
നടപ്പു സാമ്പത്തിക വര്‍ഷം 7.3 % വളര്‍ച്ച നേടാനാകുമെന്നായിരുന്നു റിസര്‍വ്വ് ബാങ്കിന് നേരത്തെയുണ്ടായിരുന്ന കണക്ക് കൂട്ടല്‍. എന്നാല്‍ ഉല്‍പാദനമേഖലയില്‍ അടക്കം കടുത്ത തളര്‍ച്ച പ്രകടമാകുന്ന സാഹചര്യത്തില്‍ നേരത്തെ പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ചയുണ്ടാകില്ലെന്ന് അവലോകനയോഗത്തില്‍ ആര്‍.ബി.ഐ വിലയിരുത്തി. ഈ സാഹചര്യത്തില്‍ പ്രതീക്ഷിത വളര്‍ച്ചാതോത് 6.7 ശതമാനമാക്കി കുറച്ച് നിശ്ചയിച്ചു. മുഖ്യ വായ്പനിരക്കുകള്‍ ഇപ്പോള്‍ മാറ്റംവരുത്തുന്നില്ലെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യ നിരക്കുകളില്‍ മാറ്റം വരുത്താത്ത സാഹചര്യത്തില്‍ റിപ്പോ നിരക്ക് ആറ് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായും തുടരും. ഈ വര്‍ഷം അവസാനത്തോടെ പണപ്പെരുപ്പം വര്‍ധിക്കുമെന്നും ആര്‍ബിഐ വിലയിരുത്തി. നിലവില്‍ 3.3 ശതമാനമാണ് പണപ്പെരുപ്പ നിരക്ക്. ഇത് 4.2 മുതല്‍ 4.6 ശതമാനം വരെയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.