ഗ്വാളിയോറില്‍ ഗോഡ്സെക്ക് അമ്പലം; ഹിന്ദുമഹാസഭ ശിലയിട്ടു
|ഹിന്ദുമഹാസഭയുടെ ദൌലത്ഗഞ്ച് ഓഫീസിന് സമീപമാണ് ക്ഷേത്രത്തിന് ശിലയിട്ടത്
മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെയുടെ പേരില്‍ അമ്പലം വരുന്നു. ഹിന്ദുമഹാസഭയുടെ നേതൃത്വത്തിലാണ് ക്ഷേത്ര നിര്‍മാണം. ജില്ലാ ഭരണകൂടത്തിന്‍റെ വിലക്ക് നിലനില്‍ക്കെ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ശിലാസ്ഥാപനം നടത്തി. ഹിന്ദുമഹാസഭയുടെ ദൌലത്ഗഞ്ച് ഓഫീസിന് സമീപമാണ് ക്ഷേത്രത്തിന് ശിലയിട്ടത്. ഓഫീസില്‍ നേരത്തെയുള്ള ഗോഡ്സെ പ്രതിമയില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.
ക്ഷേത്രനിര്‍മാണത്തിന് ഭൂമി അനുവദിക്കണം എന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ ജില്ലാഭരണകൂടത്തെ സമീപിച്ചിരുന്നു. ഹിന്ദുമഹാസഭയുടെ ആവശ്യം ജില്ലാഭരണകൂടം തള്ളി. തുടര്‍ന്നാണ് ദൌലത്ഗഞ്ചില്‍ ക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് ഹിന്ദു മഹാസാഭാ നേതാവ് ജെയ്‍വീര്‍ ഭര്‍ദ്വാജ് പറഞ്ഞു.
രാഷ്ട്രപിതാവിന്‍റെ ഘാതകന് ക്ഷേത്രം നിര്‍മിക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൌഹാന്‍ മൌനാനുവാദം നല്‍കുകയാണെന്ന് പ്രതിപക്ഷ നേതാവ് അജയ് സിങ് വിമര്‍ശിച്ചു. എപ്പോഴും മഹാത്മാഗാന്ധിയുടെ പേര് ഉച്ചരിക്കുന്ന ചൌഹാന്‍റെ ഹൃദയത്തില്‍ ഗോഡ്സെയാണെന്നും അജയ് സിങ് കുറ്റപ്പെടുത്തി.
മഹാത്മജിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെയെ തൂക്കിലേറ്റിയത് 1949 നവംബര്‍ 15നാണ്. ബലിദാന്‍ ദിനമായാണ് നവംബര്‍ 15 ഹിന്ദുമഹാസഭ ആചരിക്കുന്നത്.