സ്ഥിരംജോലി സംവിധാനം ഇല്ലാതാക്കാന്‍ നീക്കം: പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍
|വിഷയത്തില്‍ സമവായത്തിനായി കേന്ദ്ര തൊഴില്‍ മന്ത്രാലയം ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചു.
രാജ്യത്ത് സ്ഥിരം ജോലി ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ തൊഴിലാളി പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രമുഖ തൊഴിലാളി സംഘടനകള്‍. വിഷയത്തില്‍ സമവായത്തിനായി കേന്ദ്ര തൊഴില്‍ മന്ത്രാലയം ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചു.
1970 ലെ കരാര്‍ തൊഴിലാളി നിയമത്തിലും 1946 ലെ വ്യവസായ തൊഴില്‍ ചട്ടത്തിലും മാറ്റം വരുത്തി സ്ഥിരം ജോലി സംവിധാനം ഇല്ലാതാക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്‍റെ നീക്കം. സ്ഥിരം സ്വഭാവമുള്ള തൊഴിലുകളില്‍ കരാര്‍ വ്യവസ്ഥ കൊണ്ടുവരുന്നതിന് ഈ നിയമങ്ങള്‍ നിലവില്‍ നിരോധം ഏര്‍പ്പെടുത്തുന്നുണ്ട്. തൊഴിലാളികളെ മുഖ്യമായവരെന്നും അല്ലാത്തരെന്നും വിഭജിക്കാനാണ് ഭേദഗതി നിര്‍ദ്ദേശം. സ്ഥാപനത്തിന്‍റെ പ്രധാന പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത എല്ലായിടത്തും കരാര്‍ നിയമനം ശിപാര്‍ശ ചെയ്യുന്നുണ്ട്.
കരാര്‍ തൊഴിലാളി നിയമ ഭേദഗതിയോടുള്ള എതിര്‍പ്പ് നിലനില്‍ക്കെ 1946 ചട്ടത്തിന്‍റെ കരട് ഭേദഗതി കഴിഞ്ഞ ആഴ്ച ഗസറ്റ് വിജ്ഞാപനമായി ഇറക്കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകള്‍ക്ക് പുറമെ ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ്സും കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് മുന്നില്‍ കണ്ട് കേന്ദ്രം വിളിച്ച യോഗം നാളെ നടക്കും.