'മോദിക്കിഷ്ടം വിദേശ നേതാക്കള്‍ക്കൊപ്പം പട്ടം പറത്തിക്കളിക്കാന്‍' രൂക്ഷവിമര്‍ശവുമായി ഉദ്ധവ് താക്കറെ
|പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ.
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. വിദേശ നേതാക്കള്‍ക്കൊപ്പം പട്ടം പറത്തിക്കളിക്കാനാണ് മോദിക്കിഷ്ടമെന്ന് താക്കറെ പരിഹസിച്ചു. മുംബൈയില്‍ നടക്കുന്ന ശിവസേന ദേശീയ എക്‌സിക്യുട്ടീവിലാണ് ഉദ്ധവ് താക്കറെ വിമര്‍ശമുന്നയിച്ചത്.
‘ജനങ്ങള്‍ കരുതുന്നത് തങ്ങള്‍ക്ക് ശക്തനായ ഒരു നേതാവുണ്ടെന്നാണ്. എന്നാല്‍ നമുക്കുള്ള നേതാവ് വിദേശ നേതാക്കള്‍ക്കൊപ്പം അഹമ്മദാബാദില്‍ പട്ടം പറത്തിക്കളിക്കുകയാണ്. രാജ്യം സന്ദര്‍ശിക്കുന്ന വിദേശരാഷ്ട്ര തലവന്‍മാരെ എന്തുകൊണ്ട് ഗുജറാത്തിലേക്ക് മാത്രം കൊണ്ടുപോകുന്നു? കശ്മീരിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ എന്തുകൊണ്ട് കൊണ്ടു പോകുന്നില്ല?’ ഉദ്ധവ് താക്കറെ ചോദിച്ചു.
ഇന്ത്യയില്‍ പശുവിനെ കൊല്ലുന്നത് കുറ്റകരമാണ്. കള്ളങ്ങള്‍ പറയുന്നതും അതുപോലെ തന്നെ കുറ്റകരമാക്കേണ്ടേ? രാജ്യം പുരോഗതിയുടെ പാതയിലാണോ അധോഗതിയുടെ പാതയിലാണോ എന്ന് ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ''നിതിൻ ഗഡ്കരി നാവികസേനയെക്കുറിച്ച് പറഞ്ഞത് കേട്ട് ഞാന്‍ രോഷാകുലനായിപ്പോയി. നിങ്ങൾക്ക് അതിർത്തിയിൽ കാവല്‍ നില്‍ക്കാന്‍ അവരെ വേണം. എന്നാല്‍ മിന്നലാക്രമണം നടത്തിയപ്പോള്‍ അതിന്റെ അവകാശവാദം ഉന്നയിക്കാന്‍ യാതൊരു ലജ്ജയുമില്ല.'' ഗഡ്കരിയെ വിമര്‍ശിച്ച് താക്കറെ പറഞ്ഞു.
''ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും 'നല്ല ദിനങ്ങളെ'ക്കുറിച്ച് (അച്ചേ ദിന്‍) നമ്മള്‍ കേള്‍ക്കുന്നു. എന്നാല്‍ നമ്മള്‍ പൊയ്ക്കണ്ടിരിക്കുന്നത് മുന്നോട്ടാണോ പിറകോട്ടാണോ എന്ന് ആര്‍ക്കും അറിയില്ല. രാജ്യത്തെ വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയാണ്. ചെറുപ്പക്കാര്‍ക്ക് തൊഴിലും ഇല്ലാതായി.'' താക്കറെ പറഞ്ഞു.
എന്‍ഡിഎയുമായുള്ള 29 വര്‍ഷം നീണ്ട ബന്ധം ശിവസേന നേരത്തേ അവസാനിപ്പിച്ചിരുന്നു. 2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും തങ്ങള്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.