പിഎന്‍ബി തട്ടിപ്പിന്റെ പേരില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും ബിജെപിയും
|കഴിഞ്ഞദിവസങ്ങളിലെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കോണ്‍ഗ്രസാണ് ഇന്ന് ആദ്യം വാര്‍ത്താസമ്മേളനം നടത്തിയത്. തൊട്ടുപിന്നാലെ പ്രതിരോധമന്ത്രി തന്നെ സര്‍ക്കാരിന് പ്രതിരോധം തീര്‍ക്കാനെത്തി...
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന്റെ പേരില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്ക്‌പോര് തുടരുന്നു. തട്ടിപ്പിന്റെ ഉത്തരവാദിത്വം പരസ്പരം ആരോപിക്കുന്നതിനൊപ്പംതന്നെ നേതാക്കള്‍ക്കെതിരേയും ഇരുപാര്‍ട്ടികളും ആരോപണം ഉന്നയിക്കുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് രംഗത്തെത്തുന്നത്.
കഴിഞ്ഞദിവസങ്ങളിലെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കോണ്‍ഗ്രസാണ് ഇന്ന് ആദ്യം വാര്‍ത്താസമ്മേളനം നടത്തിയത്. മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനേയും ധനമന്ത്രാലയത്തേയും രൂക്ഷമായി തന്നെ വിമര്‍ശിച്ചു. ഇരുവരേയും തട്ടിപ്പ് സംബന്ധിച്ച് അറിയിച്ചിട്ടും നടപടിയെടുക്കാത്തതാണ് പ്രതികള്‍ രക്ഷപ്പെടാനും തട്ടിപ്പ് വ്യാപകമാവാനും കാരണമെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി.
തൊട്ടുപിന്നാലെ പ്രതിരോധമന്ത്രി തന്നെ സര്‍ക്കാരിന് പ്രതിരോധം തീര്‍ക്കാനെത്തി. 2011 ലാണ് യഥാര്‍ത്ഥ തട്ടിപ്പ് നടന്നതെന്നും അന്ന് നടപടിയെടുക്കാത്തതാണ് തട്ടിപ്പ് വലുതാകാന്‍ കാരണമായതെന്നും നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വിയുടെ കുടുംബത്തിനും നീരവുമായി ബന്ധമുണ്ടെന്നും നിര്‍മല ആരോപിച്ചു. എന്നാല്‍ നിര്‍മലയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.