India
പ്രണയ ക്ഷേത്രം നിര്‍മ്മിച്ച് ഒരു കര്‍ഷകന്‍, പ്രതിഷ്ഠയായി ഭാര്യയുംപ്രണയ ക്ഷേത്രം നിര്‍മ്മിച്ച് ഒരു കര്‍ഷകന്‍, പ്രതിഷ്ഠയായി ഭാര്യയും
India

പ്രണയ ക്ഷേത്രം നിര്‍മ്മിച്ച് ഒരു കര്‍ഷകന്‍, പ്രതിഷ്ഠയായി ഭാര്യയും

പി.കെ ഇംതിയാസ്
|
3 Jun 2018 9:29 PM GMT

സ്നേഹ ക്ഷേത്രം എന്നറിയപ്പെടുന്ന ഈ അമ്പലം യെലന്തൂര്‍ ജില്ലയിലെ കൃഷ്ണപുര ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്

ഭാര്യയുടെ ഓര്‍മ്മയ്ക്കായി താജ്മഹല്‍ പണിത ഷാജഹാനെപ്പോലെ ഒരു ഭര്‍ത്താവുണ്ട് അങ്ങ് കര്‍ണാടകയില്‍. ഭാര്യയോടുള്ള പ്രണയം മൂലം ഒരു ക്ഷേത്രമാണ് ഇദ്ദേഹം നിര്‍മ്മിച്ചത്. സ്നേഹ ക്ഷേത്രം എന്നറിയപ്പെടുന്ന ഈ അമ്പലം യെലന്തൂര്‍ ജില്ലയിലെ കൃഷ്ണപുര ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. രാജുസ്വാമി എന്ന കര്‍ഷകനാണ് ക്ഷേത്രം നിര്‍മ്മിച്ചത്.

2006ലാണ് അമ്പലം പണിതത്. അന്നു മുതല്‍ ഇന്ന് വരെ എല്ലാ ദിവസവും ഇവിടെ പൂജയുണ്ട്. ശനീശ്വരന്‍, സിദ്ധപ്പാജി,നവഗ്രഹ,ശിവന്‍ എന്നിവര്‍ക്കൊപ്പമാണ് ഭാര്യ രാജമ്മയുടെയും പ്രതിഷ്ഠ. ക്ഷേത്രം നിര്‍മ്മിച്ചതിന് പിന്നില്‍ ഒരു വലിയ കഥയും രാജുവിന് പറയാനുണ്ട്. മൂന്ന് ഏക്കറോളം നിലം സ്വന്തമായുള്ള കര്‍ഷകനാണ് രാജു. തന്റെ സഹോദരിയുടെ മകളെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. രാജുവിന്റെ മാതാപിതാക്കള്‍ വിവാഹത്തിന് എതിരായിരുന്നു. വിവാഹത്തിന് ശേഷം ഗ്രാമത്തില്‍ ഒരു അമ്പലം നിര്‍മ്മിക്കാന്‍ ഭാര്യ ആവശ്യപ്പെട്ടു. എന്നാല്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പേ ഭാര്യ മരിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഭാര്യയുടെ വിഗ്രഹവും അമ്പലത്തില്‍ പ്രതിഷ്ഠിച്ചതെന്ന് രാജു പറയുന്നു. പിന്നെയും രണ്ട് വര്‍ഷത്തോളം എടുത്തു അമ്പലത്തിന്റെ പണി പൂര്‍ത്തിയാകാന്‍.

ഗ്രാമവാസികള്‍ ഇതിനെതിരായിരുന്നെങ്കിലും തന്റെ ഭാര്യക്ക് സവിശേഷ ശക്തിയുണ്ടെന്നാണ് രാജുവിന്റെ വിശ്വാസം. സ്വന്തം മരണം അവള്‍ പ്രവചിച്ചിരുന്നതായും രാജു പറയുന്നു. നിരവധി ആളുകളാണ് പ്രണയക്ഷേത്രം സന്ദര്‍ശിക്കാന്‍ ദിവസവുമെത്തുന്നത്.

Related Tags :
Similar Posts