ത്രിപുരയില്‍ സിപിഎം ജയിച്ചാല്‍ സന്തോഷമെന്ന് മമതാ ബാനര്‍ജി
|ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ സിപിഎം ജയിക്കുന്നതില്‍ തനിക്ക് സന്തോഷമാണെന്ന് മമത വ്യക്തമാക്കി
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ജയിച്ചാല്‍ സന്തോഷമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അന്ധമായ രാഷ്ട്രീയ വിരോധമില്ല. ത്രിപുരയില്‍ സിപിഎം പരാജയത്തിന്‍റെ വക്കിലാണ്. പക്ഷേ ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ സിപിഎം ജയിക്കുന്നതില്‍ തനിക്ക് സന്തോഷമാണെന്ന് മമത വ്യക്തമാക്കി. നിയമസഭയിലാണ് മമത ഇക്കാര്യം പറഞ്ഞത്.
"നിങ്ങളുടെ അഹങ്കാരവും ധിക്കാരവുമാണ് തകര്‍ച്ചയ്ക്ക് കാരണ"മെന്ന് മമത സിപിഎമ്മിനെ വിമര്‍ശിച്ചു. നിയമസഭയില്‍ സിപിഎം എംഎല്‍എ സുജന്‍ ചക്രബര്‍ത്തിയുടെ ഒരു ചോദ്യത്തിന് മറുപടി പറയവേയാണ് മമത ഇക്കാര്യം പറഞ്ഞത്.
മാര്‍ച്ച് മൂന്നിനാണ് ത്രിപുരയില്‍ വോട്ടെണ്ണല്‍. ത്രിപുരയില്‍ ബിജെപി സഖ്യം അധികാരത്തിലെത്തുമെന്നാണ് ന്യൂസ് എക്സ്, ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനം. 44 മുതല്‍ 50 സീറ്റ് വരെ നേടി ബിജെപി - ഐപിഎഫ്ടി സഖ്യം ഭരണം പിടിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. 35 മുതല്‍ 45 സീറ്റ് വരെ ബിജെപി സഖ്യം നേടുമെന്നാണ് ന്യൂസ് എക്സ് പറയുന്നത്. സീ വോട്ടര്‍ മാത്രമാണ് മറിച്ചുള്ള ഫലം പ്രവചിച്ചത്. ഇടത് സഖ്യത്തിന് 26 - 34 സീറ്റുകളും ബിജെപി സഖ്യത്തിന് 24 - 32 സീറ്റുകളും ലഭിക്കുമെന്നാണ് സീ വോട്ടര്‍ പ്രവചനം.