സ്കൂളിലെ ഒന്നാംസ്ഥാനക്കാരന് വേണ്ടി ഹെഡ്‍മാസ്റ്റര്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കി
|പശ്ചിമബംഗാളിലെ മായന്‍ഗുരിയിലെ ഒരു സ്കൂളിലാണ് സംഭവം
സ്കളിലെ ഒന്നാം സ്ഥാനക്കാരനെ സഹായിക്കാനായി ഹെഡ്‍മാസ്റ്റര്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കി. ഓരോ ദിവസത്തെയും വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് ഹെഡ്‍മാസ്റ്റര്‍ ചോര്‍ത്തി നല്‍കിയത്. പശ്ചിമബംഗാളിലെ മായന്‍ഗുരിയിലെ ഒരു സ്കൂളിലാണ് സംഭവം. പ്രധാന അധ്യാപകനായ ഹരിദയാല്‍ റോയി ആണ് ചോദ്യ പേപ്പര്‍ ചോര്‍ത്തിയത്. സുബാസ് നഗര്‍ ഹൈസ്കൂളിലെ രണ്ട് അധ്യാപകര്‍ ഹരിദയാല്‍ റോയിക്കെതിരെ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ബിശ്വനാഥ് ഭൌമികിന്റെ നേതൃത്വത്തില്‍ മായന്‍ഗുരിയിലെ സ്കൂളുകളില്‍ പരിശോധന നടത്തി. റോയ് അധ്യാപകനായ സ്കൂളില്‍ ചോദ്യപേപ്പര്‍ പൊട്ടിക്കേണ്ട സമയത്തിന് 40 മിനിറ്റ് മുന്‍പ് പായ്ക്കറ്റ് തുറന്നതായി ശ്രദ്ധയില്‍ പെട്ടുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്റെ ആസ്ഥാനത്ത് നടന്ന ഹിയറിംഗില്‍ ഹരിദയാല്‍ റോയ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചു.
ഷെഡ്യൂള്‍ ചെയ്ത സമയത്തിന് മുന്‍പ് ചോദ്യപേപ്പര്‍ പായ്ക്കറ്റ് പൊട്ടിച്ചത് കുറ്റകരമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ പ്രസിഡന്റ് കല്യാണ്‍മയ് ഗാംഗുലി പറഞ്ഞു. ആരോപണത്തില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ പരമാവധി ശിക്ഷ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.