India
രാജ് ഗുരു ആര്‍എസ്എസ്, സംഘ് പരിവാറിന്റെ ചരിത്ര രചന തുടരുന്നുരാജ് ഗുരു ആര്‍എസ്എസ്, സംഘ് പരിവാറിന്റെ 'ചരിത്ര രചന' തുടരുന്നു
India

രാജ് ഗുരു ആര്‍എസ്എസ്, സംഘ് പരിവാറിന്റെ 'ചരിത്ര രചന' തുടരുന്നു

Subin
|
3 Jun 2018 7:53 PM GMT

നിശബ്ദമായാണ് സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തിച്ചതെന്ന് വിചിത്രമായ വാദവും മുന്‍ ആര്‍എസ്എസ് പ്രചാരകും മാധ്യമപ്രവര്‍ത്തകനുമായ...

ഭഗത് സിംങിനും സുഖ്‌ദേവിനുമൊപ്പം തൂക്കിലേറ്റപ്പെട്ട സ്വാതന്ത്ര്യ സമരസേനാനി രാജ് ഗുരു ആര്‍എസ്എസ് സ്വയം സേവകനായിരുന്നുവെന്ന് അവകാശവാദം. മുന്‍ ആര്‍എസ്എസ് പ്രചാരകും മാധ്യമപ്രവര്‍ത്തകനുമായ നരേന്ദ്ര സെഹ്‌വാളാണ് പുതിയ അവകാശവാദം മുന്നോട്ടുവെച്ചിരിക്കുന്നത്. ഭാരത് വര്‍ഷ് കീ സര്‍വാംഗ് സ്വതന്ത്രത എന്ന പുസ്തകത്തിലെ സ്വയം സേവക് സ്വതന്ത്ര സേനാനി എന്ന ഭാഗത്തിലാണ് രാജ് ഗുരുവിനെ ആര്‍എസ്എസുകാരനാക്കിയിരിക്കുന്നത്.

കഴിഞ്ഞ മാസം നാഗ്പുരില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയില്‍ ഈ വിവാദ പുസ്തകം വിതരണം ചെയ്തിരുന്നു. നരേന്ദ്ര സെഹ്‌വാളിന്റെ പുസ്തകത്തിന് അവതാരിക എഴുതിയത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതാണ്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ആര്‍എസ്എസിന്റെ സംഭാവനകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കാന്‍ ലക്ഷ്യമിട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് രചയിതാവായ നരേന്ദ്ര നെഹ്‌വാള്‍ അവകാശപ്പെടുന്നു.

സ്വാതന്ത്ര്യ സമരസേനാനി ലാലാ ലജ്പത്‌റായിയെ ക്രൂരമായി ലാത്തിചാര്‍ജ്ജ് ചെയ്ത ബ്രിട്ടീഷ് പൊലീസുകാരന്‍ ജെപി സാന്‍ഡേഴ്‌സിനെ വധിച്ച കുറ്റത്തിനാണ് രാജ്ഗുരുവിനെ ഭഗത് സിംഗിനും സുഖ്‌ദേവിനും ഒപ്പം തൂക്കിലേറ്റിയത്. 1928ല്‍ ലാഹോറില്‍ വെച്ചായിരുന്നു സാന്‍ഡേഴ്‌സ് വധിക്കപ്പെട്ടത്. കൊലപാതകത്തിന് ശേഷം നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്താണ് രാജ്ഗുരു എത്തിയതെന്നും ലേഖകന്‍ അവകാശപ്പെടുന്നുണ്ട്. രാജ് ഗുരു മോഹിതെ ബാഗ് ശാഖയിലെ സ്വയം സേവകനായിരുന്നുവെന്നും പുസ്തകം പറയുന്നു.

'ഒളിവില്‍ താമസിക്കാന്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെയാണ് രാജ് ഗുരു സമീപിച്ചത്. ഹെഡ്‌ഗേവാര്‍ ഒരു വീട് രാജ്ഗുരുവിന് സംഘടിപ്പിച്ചു കൊടുക്കുകയും പൂനെയിലെ സ്വന്തം വീട്ടിലേക്ക് ഇപ്പോള്‍ പോകരുതെന്നും നിര്‍ദ്ദേശിച്ചു' പുസ്തകം അവകാശപ്പെടുന്നു.

അതേസമയം ആര്‍എസ്എസ് നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സ്വാതന്ത്ര്യ സമര സേനാനിയെ സ്വന്തമാക്കാനുള്ള ആര്‍എസ്എസിന്റെ ദുര്‍ബലമായ ശ്രമമാണിതെന്നാണ് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. ബിആര്‍ അംബേദ്കറേയും സ്വാമി വിവേകാനന്ദനേയും ബാല ഗംഗാധര തിലകനേയും കാവി പുതപ്പിക്കാന്‍ ആര്‍എസ്എസ് നടത്തിയ ശ്രമം പോലെ മാത്രമേ ഇതിനേയും കാണാനാവൂ എന്നാണ് മറ്റൊരു ചരിത്രകാരനായ ആദിത്യ മുഖര്‍ജി പറയുന്നത്.

ഭഗത് സിംങിന്റേയും കൂട്ടാളികളുടേയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ പുസ്തകമെഴുതിയ ജെഎന്‍യു പ്രൊഫസര്‍ ചമന്‍ലാലും നരേന്ദ്ര നെഹ്‌വാളിനെയും പുസ്തകത്തേയും തള്ളിക്കളയുന്നു. 'നേരത്തെ ഭഗത് സിംങ് ആര്‍എസ്എസുകാരനാണെന്നായിരുന്നു അവര്‍ പ്രചരിപ്പിച്ചിരുന്നത്. അതിന് യാതൊരു തെളിവും പുറത്തുവിടുന്നുമില്ല. ഭഗത് സിംങിന്റേയോ രാജ് ഗുരുവിന്റേയോ ജീവചരിത്രങ്ങളില്‍ ഒരിടത്തും ഇങ്ങനെയൊരു സൂചന പോലുമില്ല'

നിശബ്ദമായാണ് സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തിച്ചതെന്ന് വിചിത്രമായ വാദവും സെഹ്‌വാള്‍ ഉന്നയിക്കുന്നുണ്ട്. 'സ്വാന്ത്ര്യ സമരത്തിന്റെ ഭാഗമായി ഗാന്ധിജിക്കൊപ്പം നിരവധി സമരമുഖങ്ങളില്‍ ആര്‍എസ്എസുകാരുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഒരിടത്തും സംഘ് പതാകകളോ മറ്റോ ഉപയോഗിച്ചില്ല. എന്തിനേറെ അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസ്റ്റ് നേതാവായ ജയപ്രകാശ് നാരായണനൊപ്പം അണിനിരന്നവരിലും നിരവധി ആര്‍എസ്എസുകാരുണ്ടായിരുന്നു. ആര്‍എസ്എസുകാരാണ് പറയാതെ സമരങ്ങളില്‍ പങ്കെടുത്തതുകൊണ്ട് സമരരംഗത്ത് ആര്‍എസ്എസ്് ഇല്ലെന്ന് പറയാനാകില്ല' എന്നാണ് സെഹ്‌വാളിന്റെ വാദം.

Similar Posts