India
കൃഷ്ണമൃഗ വേട്ട കേസില്‍ സല്‍മാന് അഞ്ച് വര്‍ഷം തടവ്കൃഷ്ണമൃഗ വേട്ട കേസില്‍ സല്‍മാന് അഞ്ച് വര്‍ഷം തടവ്
India

കൃഷ്ണമൃഗ വേട്ട കേസില്‍ സല്‍മാന് അഞ്ച് വര്‍ഷം തടവ്

Jaisy
|
3 Jun 2018 3:38 AM GMT

ജോധ്പൂരിലെ കണ്‍കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ കൊന്നുവെന്നാണ് സല്‍ഖാന്‍ ഖാനെതിരെയുള്ള കേസ്

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് 5 വര്‍ഷം തടവും 10,000 രൂപ പിഴയും. ജോദ്പൂര്‍ കോടതിയാണ് കേസ് പരിഗണിച്ചത്. കേസിലെ മറ്റ് പ്രതികളായ തബു, നീലം, സൊണാലി, സെയ്ഫ് അലി ഖാന്‍ എന്നിവരെ കോടതി വെറുതെ വിട്ടു. 1998 ഒക്ടോബര്‍ 1ന് രാത്രി ജോദ്പൂരിലെ ഗോധ ഫാമിലെ 2 കൃഷ്ണമൃഗങ്ങളെ സല്‍മാന്‍ ഖാനടക്കമുള്ള 5 അംഗ സംഘം വേട്ടയാടി എന്നുള്ളതാണ് കേസ്. സല്‍മാന്‍ഖാന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി 5 വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചു. തുടര്‍ന്ന് സല്‍മാനെ ജോദ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സല്‍മാന്‍ഖാന്‍ മേല്‍കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ നാളെ പരിഗണിച്ചേക്കും.

അഭിനേതാക്കളായ സെഫ് അലി ഖാന്‍, സൊണാലി, തബു, നീലം എന്നിവരാണ് കുറ്റവിമുക്തരാക്കപ്പെട്ടവര്‍. വന്യ ജീവി സംരക്ഷണ നിയമം ലംഘിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. നിയമം അനുസരിച്ച് 6 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ 2007ല്‍ കോടതി സല്‍മാന് 5 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എങ്കിലും ജാമ്യം ലഭിച്ചിരുന്നു. വിധി പ്രസ്താവത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് കോടതി പരിസരത്തും സല്‍മാന്റെ വസതിക്ക് മുന്നിലും ഒരുക്കിയിരുന്നത്.

Related Tags :
Similar Posts