കത്‍വ പീഡന കൊലപാതക കേസില്‍ വിചാരണ ഇന്ന് തുടങ്ങും
|കേസ് പരിഗണിക്കുന്നത് കത്‍വ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി
കത്‍വ പീഡന കൊലപാതക കേസില്‍ ഇന്ന് വിചാരണ ആരംഭിക്കും. കത്‍വ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.
ജമ്മുവില്‍ അഭിഭാഷക സമരവും പ്രതികളെ പിന്തുണച്ചുള്ള സമരവും നടക്കുന്നതിനിടെയാണ് വിചാരണക്ക് തുടക്കമാകുന്നത്.
കത്‍വ പീഡന കൊലപാതക കേസില്‍ എട്ട് പ്രതികളാണുള്ളത്. മുഖ്യ സൂത്രധാരന്‍ സഞ്ജി റാം അടക്കമുള്ള 7 പ്രതികള്‍ക്കെതിരായ കേസിലാണ് വിചാരണ ആരംഭിക്കുക. ശേഷിക്കുന്ന ഒരാള്‍ ജുവനൈല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ 24ന് പ്രത്യേകം വിചാരണ നടത്തും. സഞ്ജി റാം നടത്തിയ ഗുഢാലോചനകള്‍ അടക്കം വെളിപ്പെടുത്തുന്ന 22 സാക്ഷികളുടെ രഹസ്യ മൊഴി കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
അഭിഭാഷകര്‍ അടക്കമുള്ളവരുടെ പ്രതിഷേധം മറികടന്ന് കഴിഞ്ഞ 11 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ അഭിഭാഷക പ്രതിഷേധം തിരിച്ചടിയാകുമെന്നതിനാല്‍ വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കുടുംബം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും.
അതേസമയം സമരം അവസാനിപ്പിച്ച് കോടതിയില്‍ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമരത്തിന്റെ കാര്യകാരണങ്ങള്‍ പഠിക്കാനും ഉചിത നടപടി കൈകൊള്ളാനും ഉന്നതതല സംഘത്തെയും നിയോഗിച്ചു. മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തരുണ്‍ അഗര്‍വാള്‍ അധ്യക്ഷനായ സമിതി ഉടന്‍ കത്‍വ സന്ദര്‍ശിക്കും.
കത്‍വ സംഭവത്തിലും ഉനാവോ സംഭവത്തിലും നീതി തേടി 50തോളം വരുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. പ്രദേശത്ത് താമസിക്കാനാകുന്നില്ലെന്നും ഭീഷണിയുണ്ടെന്നും ഉനാവോ കേസിലെ പെണ്‍കുട്ടിയുടെ കുടുംബം ആവര്‍ത്തിച്ചു.