കര്‍ഷകരില്‍ പ്രതീക്ഷയര്‍പ്പിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ്
|വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്താതെ പ്രായോഗിക പരിഹാരങ്ങളാണ് സിദ്ധരാമയ്യ നടപ്പിലാക്കിയത്. അമ്പതിനായിരം രൂപ വരെയുള്ള മുഴുവന്‍ കാര്‍ഷിക കടവും എഴുതിത്തള്ളി.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. കാര്‍ഷിക കടം എഴുതിത്തള്ളിയതും കൃഷിഭാഗ്യപദ്ധതി നടപ്പാക്കിയതുമാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത്. ഈ പദ്ധതികളിലൂടെ കര്‍ഷകര്‍ക്കിടയിലെ ഭരണ വിരുദ്ധ വികാരം ഇല്ലാതായിയെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു.
മച്ചൂരിലെ കര്‍ഷകനായ തിമഗൌഡ ബിജെപിക്കാരനാണ്. പക്ഷേ കാര്‍ഷിക മേഖലയില്‍ സിദ്ധരാമയ്യ ആവുന്നത് ചെയ്തു എന്ന അഭിപ്രായക്കാരനാണ് ഇദ്ദേഹം. തന്റെ കാര്‍ഷിക കടം എഴുതിത്തള്ളിയത് സിദ്ധരാമയ്യ സര്‍ക്കാരാണെന്ന് തിമഗൌഡ പറഞ്ഞു.
കര്‍ഷക ആത്മഹത്യയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയ സമയത്ത് കര്‍ണാടകയിലെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ വിഷയം. വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്താതെ പ്രായോഗിക പരിഹാരങ്ങളാണ് സിദ്ധരാമയ്യ നടപ്പിലാക്കിയത്. അമ്പതിനായിരം രൂപ വരെയുള്ള മുഴുവന്‍ കാര്‍ഷിക കടവും എഴുതിത്തള്ളി. കൃഷി ഭാഗ്യ എന്ന പേരില്‍ കാര്‍ഷിക സൌഹൃദപദ്ധതികളും നടപ്പിലാക്കി. കഴിഞ്ഞ മാസം മഴ ലഭിക്കുക കൂടി ചെയ്തതോടെ കര്‍ഷകരോഷം തണുത്തു. കേന്ദ്രഫണ്ടുപയോഗിച്ചാണ് സിദ്ധരാമയ്യ പദ്ധതികള്‍ നടപ്പിലാക്കുന്നത് എന്നാണ് ബിജെപിയുടെ പ്രചാരണം.
കാര്‍ഷിക കടം എഴുതിത്തള്ളും എന്ന പ്രഖ്യാപനം താഴെതട്ടില്‍വരെ നടപ്പിലാക്കാന്‍ സാധിച്ചിരിക്കുന്നു. എന്നാല്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്താത്ത സിദ്ധരാമയ്യയെ കര്‍ഷകര്‍ എങ്ങനെ വിലയിരുത്തുന്നു എന്നറിയാന്‍ മെയ് 15 വരെ കാത്തിരിക്കണം.