വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന ബിജെപി നേതാവിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം
|'മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോ മുതലാളിമാരോ ആയി കിടക്ക പങ്കിടാതെ ആര്‍ക്കും റിപ്പോര്‍ട്ടര്‍മാരോ അവതാരകരോ ആകാനാകില്ല. അവരാണ് ഗവര്‍ണറോട് ചോദ്യം ചോദിക്കാനായി വന്നിരിക്കുന്നത്.'
വനിതാ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തക്കും മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്കുമായി എന്തിന്തും തയ്യാറാകുമെന്ന പോസ്റ്റാണ് തമിഴ്‌നാട്ടിലെ ബിജെപി നേതാവായ എസ് വി ശേഖറിനെ കുടുക്കിയിരിക്കുന്നത്. ബിജെപി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ചെന്നൈയിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ മാപ്പുപറഞ്ഞ് തടിയൂരാനാണ് എസ് വി ശേഖറിന്റെ ശ്രമം.
തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയത് വിവാദമായിരുന്നു. ചോദ്യത്തിന് മറുപടിയായി കവിളില്‍ തലോടിയതിനെതിരെ മാധ്യമപ്രവര്‍ത്തക തന്നെ രംഗത്തെത്തിയിരുന്നു. 'പലവട്ടം ഞാന്‍ മുഖം കഴുകി. വലിയ വിഷമവും ദേഷ്യവുമുണ്ട്. നിങ്ങള്‍ക്കിത് മുത്തച്ഛന്റെ സ്‌നേഹപ്രകടനമാകാം എന്നാല്‍ ഞാനിത് തെറ്റായാണ് കരുതുന്നത്' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ്. തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിനികളെ അധ്യാപിക അനാശാസ്യത്തിന് നിര്‍ബന്ധിച്ച സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് വിശദമാക്കാനായിരുന്നു ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. തമിഴ്‌നാട് ഗവര്‍ണറുമായി തനിക്ക് ബന്ധമുണ്ടെന്ന അധ്യാപികയുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു.
ഈ സംഭവത്തില്‍ തമിഴ്‌നാട് ഗവര്‍ണറെ അനുകൂലിച്ച് തിരുമലൈ എന്നയാള്‍ എഴുതിയ പോസ്റ്റാണ് ബിജെപി നേതാവ് എസ് വി ശേഖര്‍ ഷെയര്‍ ചെയ്തത്.'മധുരൈ സര്‍വ്വകലാശാലയും ഗവര്‍ണ്ണറും പിന്നെ കന്യകയുടെ കവിളും' എന്നായിരുന്നു പിന്നീട് ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ തലക്കെട്ട്.
'ആ മാധ്യമപ്രവര്‍ത്തകയെക്കുറിച്ച് എനിക്ക് കഷ്ടം മാത്രമാണ് തോന്നുന്നത്. ഗവര്‍ണര്‍ തൊട്ടതിനാല്‍ അസ്വസ്ഥയായെന്നാണ് അവള്‍ പറയുന്നത്. പക്ഷേ അവരുടെ മുന്‍ ട്വീറ്റുകള്‍ നോക്കിയാല്‍ ഒരുകാര്യം വ്യക്തമാകും. മോദിയും ഗവര്‍ണ്ണറുമായിരുന്നു അവരുടെ ലക്ഷ്യമെന്ന്. അവളെ തൊട്ട ഗവര്‍ണറാണ് ഫിനോയില്‍ ഉപയോഗിച്ച് കൈ കഴുകേണ്ടത്. തമിഴ്‌നാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ നിലവാരമില്ലാത്ത വെറുപ്പുണ്ടാക്കുന്ന ജീവികളാണ്. അവരില്‍ പലരും നിരക്ഷരും സാമാന്യ ബോധമില്ലാത്തവരുമാണ്. ഈ സ്ത്രീയും വ്യത്യസ്ഥയല്ല' എന്നിങ്ങനെ പോകുന്ന വിവാദ പോസ്റ്റില്‍ തമിഴ്‌നാട്ടിലെ എല്ലാ വനിതാ മാധ്യമപ്രവര്‍ത്തരും അനാശാസ്യത്തിന് തയ്യാറാണെന്നും പറയുന്നുണ്ട്.
'മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോ മുതലാളിമാരോ ആയി കിടക്ക പങ്കിടാതെ ആര്‍ക്കും റിപ്പോര്‍ട്ടര്‍മാരോ അവതാരകരോ ആകാനാകില്ല. അവരാണ് ഗവര്‍ണറോട് ചോദ്യം ചോദിക്കാനായി വന്നിരിക്കുന്നത്.' എന്നും പോസ്റ്റിലുണ്ട്. സംഭവം വിവാദമായതോടെ തിരുമലൈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. അയാളുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു നോക്കാതെയാണ് ഷെയര്‍ ചെയ്തതെന്നാണ് എസ് വി ശേഖറിന്റെ വിശദീകണം. ക്ഷമ ചോദിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പും എസ് വി ശേഖര്‍ പുറത്തിറക്കിയിട്ടുണ്ട്.
തമിഴ്‌നാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് ബിജെപി നേതാവിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. എസ് വി ശേഖറിനെ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവും ഉയര്‍ന്നിട്ടുണ്ട്. രാജ്യസഭ എംപി കനിമൊഴി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ശേഖറിനെതിരെ ബിജെപി നേതൃത്വത്തിന് തന്നെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് മാധ്യമപ്രവര്‍ത്തകര്‍.