തമിഴ്നാട്ടിലും പുതുച്ചേരിയിലും മികച്ച പോളിങ്
|തമിഴ്നാട്ടില്‍ 233 ഉം പുതുച്ചേരിയില്‍ 30 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്.
തമിഴ്നാട്, പുതുച്ചേരി നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ ഏഴ് മുതല്‍ തുടങ്ങിയ പോളിങ് ഇപ്പോഴും തുടരുകയാണ്. മികച്ച പോളിങാണ് ഇരുസംസ്ഥാനങ്ങളിലും ഉച്ചവരെ രേഖപ്പെടുത്തിയത്. തമിഴ്നാട്ടില്‍ 36 ശതമാനവും പുതുച്ചേരിയില്‍ 28 ശതമാനവുമാണ് ഇതുവരെ രേഖപ്പെടുത്തിയത്. തമിഴ്നാട്ടിലെ 234 അംഗ നിയമസഭയില്‍ 232 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
എക്സിറ്റ് പോളുകള്‍ നല്കുന്ന ആത്മവവിശ്വാസത്തിലാണ് ജെ ജയലളിത. കോണ്‍ഗ്രസുമായുള്ള സഖ്യം ഗുണം ചെയ്യുമെന്ന ശുഭ പ്രതീക്ഷയാണ് ഡിഎംകെ നേതാവ് കരുണാനിധിയുടെ മുതല്‍ക്കൂട്ട്. ഇരുവര്‍ക്കുമൊപ്പം കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍ ഉയര്‍ത്തിക്കാട്ടി എന്‍ഡിഎയും മത്സരരംഗത്തുണ്ട്. സ്ഥാനാര്‍ഥികള്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മാറ്റിവെച്ചു. തഞ്ചാവൂരിലെയും അറുവാകുറിച്ചിലെയും വോട്ടെടുപ്പാണ് മാറ്റിവെച്ചത്. സൂപ്പര്‍ താരം രജനീകാന്ത്, മുഖ്യമന്ത്രി കൂടിയായ ജയലളിത, കരുണാനിധി എന്നിവര്‍ ചെന്നൈയിലെ സ്റ്റെല്ലാ മാതാ കോളജിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ആള്‍വാര്‍ പേട്ട് സ്കൂളിലായിരുന്നു കമല്‍ഹാസന്റെ വോട്ട്. അജിത്തും ഭാര്യ ശാലിനിയും തിരുവാന്മിയൂരിലാണ് വോട്ട് ചെയ്തത്. 3700 സ്ഥാനാര്‍ഥികളാണ് തമിഴ്നാട്ടില്‍ മത്സരരംഗത്തുള്ളത്. 65516 പോളിങ് സ്റ്റേഷനുകളിലായി അഞ്ച് കോടി എഴുപത്തിയഞ്ച് ലക്ഷം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും.
മാഹി ഉള്‍പ്പെടെയുള്ള 30 മണ്ഡലങ്ങളാണ് പുതുച്ചേരിയിലുള്ളത്. മത്സരരംഗത്ത് ആകെ 344 സ്ഥാനാര്‍ഥികള്‍. മുഖ്യമന്ത്രി എന്‍ രംഗസാമിയുടെ എന്‍ ആര് കോണ്‍ഗ്രസും ഡി എം കെ കോണ്‍ഗ്രസ് സഖ്യവുമാണ് പ്രധാന എതിരാളികള്‍.