![തൂത്തുക്കുടി വിഷയം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ വിട്ടു തൂത്തുക്കുടി വിഷയം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ വിട്ടു](https://www.mediaoneonline.com/h-upload/old_images/1113825-tuticorinsterliteplant.webp)
തൂത്തുക്കുടി വിഷയം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ വിട്ടു
![](/images/authorplaceholder.jpg)
എടപ്പാടി പളനിസാമി രാജി വയ്ക്കും വരെ സഭാ നടപടികളുമായി സഹകരിയ്ക്കില്ലെന്ന് ഡിഎംകെ അറിയിച്ചു
തൂത്തുക്കുടി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ വിട്ടു. എടപ്പാടി പളനിസാമി രാജി വയ്ക്കും വരെ സഭാ നടപടികളുമായി സഹകരിയ്ക്കില്ലെന്ന് ഡിഎംകെ അറിയിച്ചു. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, ഇന്ന് തൂത്തുക്കുടി സന്ദര്‍ശിച്ചു.
തൂത്തുക്കുടി വിഷയം ഇന്ന് മുഴുവന്‍ സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. വെടിവെപ്പില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് സഭയില്‍ എത്തിയത്. ചര്‍ച്ചയ്ക്കു ശേഷം മറുപടി നല്കിയ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, തൂത്തുക്കുടിയില്‍ നടന്നത് വെടിവെപ്പാണെന്ന് പറഞ്ഞില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭവിട്ടത്. സ്റ്റെര്‍ലൈറ്റ് പൂട്ടുന്നതിനുള്ള ഉത്തരവ്, മന്ത്രിസഭയില്‍ തീരുമാനിച്ച് അറിയിച്ചിരുന്നെങ്കില്‍, കമ്പനിയ്ക്ക് കോടതിയില്‍ പോകാന്‍ കഴിയില്ലായിരുന്നു. എന്നാല്‍, ഉത്തരവായി ഇറക്കിയത്, വേദാന്ത കമ്പനിയ്ക്ക് അനുകൂല സര്‍ക്കാര്‍ നിലപാടാണെന്നും പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന് പറഞ്ഞു.
സ്റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാലയുടെ പുതിയ ഫാക്ടറിയ്ക്കായി 2006 മുതല്‍ നാലു തവണയായി നല്കിയ 342.22 ഏക്കര്‍ സ്ഥലം തിരിച്ചെടുത്തതായി സര്‍ക്കാര്‍ ഉത്തരവിറക്കി. അതിനിടെ, ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ഇന്ന് തൂത്തുക്കുടി സന്ദര്‍ശിച്ചു. വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം ആശുപത്രിയില്‍ എത്തി, പരിക്കേറ്റവരെവരെയും കണ്ടു. തൂത്തുക്കുടി സംഭവത്തിലെ അന്വേഷണം ക്രൈബ്രാഞ്ച് സിഐഡി വിഭാഗത്തിന് മാറ്റിയതായി ഡിജിപി ടി.കെ രാജേന്ദ്രന് അറിയിച്ചു.