കാന്‍സറിന് കാരണമാകുന്നു: ബ്രഡ്ഡ് നിര്‍മാണത്തിന് ഉപയോഗിയ്ക്കുന്ന പൊട്ടാസ്യം ബ്രോമേറ്റ് ഇന്ത്യയില്‍ നിരോധിച്ചു
|ബ്രഡ്ഡ് നിര്‍മാണത്തിന് വ്യാപകമായി ഉപയോഗിയ്ക്കുന്ന രാസ വസ്തുവായ പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണമാവുമെന്ന് അടുത്തിടെയാണ് കണ്ടെത്തിയത്
കാന്‍സറുണ്ടാക്കുന്ന ഘടകമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയ പൊട്ടാസ്യം ബ്രോമേറ്റിന്റെ ഉപയോഗം ഭക്ഷ്യ സുരക്ഷാ അതോറിറ്റി രാജ്യവ്യാപകമായി നിരോധിച്ചു. ബ്രഡ്ഡ് നിര്‍മാണത്തിന് വ്യാപകമായി ഉപയോഗിയ്ക്കുന്ന രാസ വസ്തുവായ പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണമാവുമെന്ന് അടുത്തിടെയാണ് കണ്ടെത്തിയത്. കാന്‍സറുണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുള്ള പൊട്ടാസ്യം അയോഡേറ്റിന്റെ ഉപയോഗം പരിശോധിയ്ക്കാന്‍ ശാസ്ത്രീയ പരിശോധനാ സമിതിയെ ചുമതലപ്പെടുത്തി.
ബ്രഡ്ഡ് നിര്‍മാണത്തിന് വ്യാപകമായി ഉപയോഗിയ്ക്കുന്ന രാസ വസ്തുവായ പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണമാവുമെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ആണ് കണ്ടെത്തിയത്. രാജ്യത്ത് ലഭ്യമായ 38 ബ്രാന്‍ഡ് ബ്രഡുകളില്‍ 84 ശതമാനത്തിലും ഇതിന്റെ സാന്നിദ്ധ്യം സി.എസ്.ഇ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് പൊട്ടാസ്യം ബ്രോമേറ്റിനെ ഭക്ഷ്യ വസ്തുക്കളില്‍ ഉപയോഗിയ്ക്കാവുന്ന രാസപദാര്‍ത്ഥങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കണമെന്ന് കഴിഞ്ഞ മാസം ഭക്ഷ്യ സുരക്ഷ അതോറിറ്റി ആരോഗ്യ മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ ഉപയോഗം നിരോധിച്ചതായി കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ സി.ഇ.ഒ പവന്‍കുമാര്‍ അഗര്‍വാള്‍ അറിയിച്ചു. ബ്രഡ് ഉണ്ടാക്കുന്ന മാവ് ബലപ്പെടുത്തിയെടുക്കാനാണ് പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിയ്ക്കുന്നത്. ധാന്യം പരുവപ്പെടുത്തിയെടുക്കന് ഉപയോഗിയ്ക്കുന്ന പൊട്ടാസ്യം അയോഡേറ്റിന്റെ കാര്യത്തില്‍ ശാസ്ത്രീയ പരിശോധനാ സമിതിയുടെ പഠനത്തിന് ശേഷം തീരുമാനമെടുക്കും.