പൊന്നും പണവുമല്ല, വരന് സ്ത്രീധനം ആര്യവേപ്പ്
|ശകുന്തളാ കര്‍ബയുടെ പിതാവാണ് സ്ത്രീധനമായി ആര്യവേപ്പ് സമ്മാനിച്ചത്
വിവാഹത്തിനായി ലക്ഷങ്ങളും കോടികളും ചെലവഴിക്കുന്നവര്‍ക്ക് മുന്നില്‍ മാതൃകയായി മാറിയിരിക്കുകയാണ് ധാക്കര്‍കേരി ഗ്രാമത്തിലെ ഒരു പിതാവ്. തന്റെ മകളെക്കാള്‍ വലിയ ധനമില്ലെന്ന് സന്ദേശവുമായി മകള്‍ക്കൊപ്പം ആര്യവേപ്പിന്റെ മരമാണ് വരന് സ്ത്രീധനമായി നല്‍കിയത്.
രാജസ്ഥാനിലെ കോത്തയിലാണ് ധാക്കക്കേരി ഗ്രാമം സ്ഥിതി ചെയ്യുന്നത്. വധുവായ ശകുന്തളാ കര്‍ബയുടെ പിതാവാണ് സ്ത്രീധനമായി ആര്യവേപ്പ് സമ്മാനിച്ചത്. ഒന്‍പതാം ക്ലാസ് വരെ പഠിച്ച ശകുന്തള ഗ്രാമവാസികള്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള അപേക്ഷകള്‍ പൂരിപ്പിച്ചു കൊടുക്കുന്ന ജോലിയും ചെയ്യുന്നുണ്ട്. സ്ത്രീധനം ഒരു സാമൂഹ്യ വിപത്താണെന്നും തങ്ങള്‍ അതിന് എതിരാണെന്നും ശകുന്തള പറഞ്ഞു. തന്റെ പിതാവിന്റെ പ്രവൃത്തിയില്‍ അഭിമാനിക്കുന്നുവെന്നും ശകുന്തള കൂട്ടിച്ചേര്‍ത്തു. ഒരു ആര്യവേപ്പ് മരവും മകളെയുമല്ലാതെ തന്റെ കയ്യില്‍ വേറൊന്നുമില്ലെന്ന് ശകുന്തളയുടെ പിതാവ് നേരത്തെ തന്നെ വരനെയും കൂട്ടരെയും അറിയിച്ചിരുന്നു.
ബില്‍വാര ജില്ലയിലെ ലഡ്പൂര്‍ ഗ്രാമവാസിയായ ലക്ഷ്മണാണ് ശകുന്തളയെ വിവാഹം കഴിച്ചത്. പൊന്നും പണവുമില്ലെങ്കിലും സന്തോഷത്തോടെ തന്നെയാണ് ലക്ഷ്മണ്‍ ശകുന്തളയെ കല്യാണം കഴിച്ചത്. ഒരു ട്രക്കിലാണ് വരനും സംഘവും വിവാഹ ചടങ്ങിനെത്തിയത്.