കര്‍ണാടകം തമിഴ്നാടിന് കാവേരി ജലം നല്‍കി തുടങ്ങി
|സുപ്രീം കോടതി ഉത്തരവ് ലംഘിക്കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു
കാവേരി നദീജലത്തെ ചൊല്ലി കര്‍ണാടകയില്‍ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ തമിഴ്നാടിന് കര്‍ണാടക വെള്ളം നല്‍കി തുടങ്ങി. ഭരണഘടനയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തിന് സുപ്രീം കോടതി ഉത്തരവ് ലംഘിക്കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു. സുപ്രീം കോടതി ഉത്തരവിനെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസംസ്ഥാനങ്ങള്‍ക്കുമിടയിലുള്ള വാഹന ഗതാഗതം പ്രതിസന്ധിയിലായി.
തമിഴ്നാടിന് 10 ദിവസത്തേക്ക് 15,000 ഘനഅടി വീതം വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ കര്‍ണാടകം റിവിഷന്‍ ഹരജി നല്‍കും. ഇതോടൊപ്പം സൂപ്പര്‍വൈസറി കമ്മറ്റിയെ ഈ വര്‍ഷത്തെ മോശം കാലാവസ്ഥയെ തുടര്‍ന്നുണ്ടായ ജലദൌര്‍ലഭ്യത്തെക്കുറിച്ച് ബോധ്യപ്പെടുത്താനും തീരുമാനമുണ്ട്.
പ്രതിഷേധം രൂക്ഷമായതോടെ ബംഗളൂരുവില്‍ നിന്നും മൈസൂരില്‍ നിന്നും തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമുള്ള 700 ബസ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. തമിഴ്നാട്ടില്‍ നിന്നുള്ള ബസ് സര്‍വീസുകള്‍ ഹൊസൂരില്‍ യാത്ര അവസാനിപ്പിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ വാഹനങ്ങളെയും അതിര്‍ത്തി കടക്കാന്‍ തമിഴ്നാട് പൊലീസ് അനുവദിക്കുന്നില്ല. തമിഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളും ആക്രമണം ഭയന്ന് പ്രദര്‍ശനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ട്രയിന്‍ സര്‍വ്വീസുകള്‍ തടസ്സപ്പെടില്ലെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു. കാവേരി ഹിതരക്ഷണ സമിതി വെള്ളിയാഴ്ച കർണാടക ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.