അരുണാചലില്‍ ബിജെപി നടപ്പിലാക്കിയ കോണ്‍ഗ്രസ് ഉന്മൂലന സിദ്ധാന്തം
|അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ മറിച്ചിടുക എന്നതിലുപരി കോണ്‍ഗ്രസിനെ പൂര്‍ണമായും ഇല്ലാതാക്കിയാണ് കോണ്‍ഗ്രസ് മുക്തഭാരത് എന്ന ലക്ഷ്യം സംസ്ഥാനത്ത് ബിജെപി നടപ്പിലാക്കിയത്.
അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ മറിച്ചിടുക എന്നതിലുപരി കോണ്‍ഗ്രസിനെ പൂര്‍ണമായും ഇല്ലാതാക്കിയാണ് കോണ്‍ഗ്രസ് മുക്തഭാരത് എന്ന ലക്ഷ്യം സംസ്ഥാനത്ത് ബിജെപി നടപ്പിലാക്കിയത്. വിമത നേതാവ് കലിക്കോപുല്ലിന്റെ ആത്മഹത്യയെ തുടര്‍ന്ന് സംസ്ഥാനത്ത് ബിജെപി നടത്തിയ പ്രചാരണമാണ് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്.
കോണ്‍ഗ്രസിലെ വിമതന്മാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാരുണ്ടാക്കിയ ബിജെപിയുടെ നീക്കത്തിന് ദിവസങ്ങള്‍ മാത്രം നീണ്ട ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി നബാംതൂക്കിയെ മാറ്റുക എന്ന വിമതരുടെ പ്രധാന ആവശ്യം കോണ്‍ഗ്രസ് ദേശീയനേതൃത്വം അംഗീകരിക്കുകയും വിമത നേതാവ് പേമഖണ്ഡുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു. വിമത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ കലിക്കോ പുല്ലിന്റെ ആത്മഹത്യയോടെയാണ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമായത്. കലിക്കോ പുല്ലിന്റെ ആത്മഹത്യക്ക് കാരണം കോണ്‍ഗ്രസാണെന്ന ബിജെപിയുടെ പ്രചാരണം പ്രവര്‍ത്തകരെ കൂട്ടത്തോടെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചിരുന്നു. കലിക്കോപുല്ലിന്റെ മരണത്തോടെ നബാംതൂക്കിയെ പുറത്താക്കണമെന്ന വിമതരുടെ ആവശ്യം ദേശീയ നേതൃത്വം നിരസിച്ചതോടെയാണ് അരുണാചല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേരാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ രൂപീകരണത്തിലും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ മത്സരത്തിനും ബിജെപി എല്ലാ സഹായകവും വാഗ്ദാനം ചെയ്തതോടെ നേരത്തെ നബാംതൂക്കിക്കൊപ്പം നിന്നവരും പാര്‍ട്ടി വിട്ടു. 2011 ല്‍ 45 അംഗങ്ങളുമായി അധികാരമേറ്റ കോണ്‍ഗ്രസിന് നിയമസഭയില്‍ ഇനി ഒരംഗം മാത്രമാണ് അവശേഷിക്കുന്നത്.