പൊലീസ് കൂവത്തൂര്‍ റിസോര്‍ട്ടിലെത്തി; പനീര്‍ശെല്‍വം ക്യാമ്പില്‍ ആഹ്ളാദം
|വിധി വന്നതോടെ പനീര്‍ശെല്‍വം ക്യാമ്പ് ആഹ്ളാദത്തിലാണ്. കൂവത്തൂര്‍ റിസോട്ടിലുള്ള എംഎല്‍എമാര്‍ പുറത്തുവരുന്നതോടെ കൂടുതല്‍ പേര് തങ്ങളുടെ ക്യാമ്പിലെത്തുമെന്ന വിശ്വാസത്തിലാണവര്‍
അനധികൃത സ്വത്ത് സമ്പാദന കേസില്‍ വികെ ശശികല കുറ്റക്കാരിയാണെന്ന വിചാരണ കോടതി വിധി സുപ്രീംകോടതി ശരിവച്ചതോടെ പൊലീസ് കൂവത്തൂര്‍ റിസോട്ടിലെത്തി. തന്നെ പിന്തുണയ്ക്കുന്ന എഐഎഡിഎംകെ എംഎല്‍എമാരോടൊപ്പം ശശികല ഇപ്പോള്‍ ഇവിടെയാണ്. ദ്രുത കര്‍മ്മ സേന ഉള്‍പ്പെടുന്ന പൊലീസ് സംഘം റിസോട്ടിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. രണ്ട് ഐജിമാരും തമിഴ്നാട് കോര്‍പ്പറേഷന്റെ നാല് ബസുകളും റിസോട്ടിലേക്ക് പ്രവേശിച്ചിട്ടുണ്ട്.
എംഎല്‍എമാരെ സുരക്ഷിതരായി പുറത്തെത്തിക്കുകയാരും പൊലീസിന്റെ ആദ്യ ശ്രമം. എംഎല്‍എമാരുടെ സംഘത്തോടൊപ്പം നീങ്ങാനനുവദിക്കാതെ ശശികലയുടെ കീഴടങ്ങല്‍ ഉറപ്പാക്കുകയാണ് അടുത്ത ലക്ഷ്യം.
വിധി വന്നതോടെ പനീര്‍ശെല്‍വം ക്യാമ്പ് ആഹ്ളാദത്തിലാണ്. കൂവത്തൂര്‍ റിസോട്ടിലുള്ള എംഎല്‍എമാര്‍ പുറത്തുവരുന്നതോടെ കൂടുതല്‍ പേര് തങ്ങളുടെ ക്യാമ്പിലെത്തുമെന്ന വിശ്വാസത്തിലാണവര്‍. ഇതിനിടെ റിസോട്ടില്‍ ശശികല എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. പുതിയ നിയമസഭകക്ഷി നേതാവിനെ തെരഞ്ഞെടുത്ത ശേഷമാകും ശശികല കീഴടങ്ങുക എന്നതാണ് സൂചന.