ബീഫ് നിരോധനത്തെ എതിര്‍ത്ത് അരുണാചല്‍ മുഖ്യമന്ത്രി
|താനടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം പേരും ബീഫ് കഴിക്കുന്നവരാണെന്നും പേമഖണ്ഡു പറഞ്ഞു. അരുണാചലിലെ ബിജെപി നേതൃത്വം ബീഫ് നിരോധനത്തെ പിന്തുണക്കുന്നില്ല..
അറവിനായി ചന്തകള്‍ വഴി കന്നുകാലികളെ വില്‍ക്കുന്നത് വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തെച്ചൊല്ലി ബിജെപിയില്‍ ഭിന്നത. അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു നിരോധനത്തെ എതിര്‍ത്ത് രംഗത്ത് വന്നു. അരുണാചല്‍ ബിജെപി നേതൃത്വം ബീഫ് നിരോധത്തെ അനുകൂലിക്കുന്നില്ലെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പേമ ഖണ്ഡു പറഞ്ഞു. വിജ്ഞാപനത്തെ പിന്തുണക്കുന്ന നിലാപട് ദേശീയ നേതൃത്വവും കേന്ദ്ര സര്‍ക്കാരും തുടരുന്നതിനിടെയാണ് പേമ ഖണ്ഡുവിന്‍റെ എതിര്‍ സ്വരം.
അറവിനായി കന്ന് കാലികളെ ചന്തകള്‍ വഴി വില്‍ക്കുന്നത് വിലക്കിയ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഉത്തരവില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വത്തില്‍ എതിര്‍പ്പുയരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉത്തരവില്‍ പ്രതിഷേധിച്ച് മേഘാലയയിലെ ബീജെപി നേതാവ് ബെര്‍ണാര്‍ഡ് മറാക് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരോധത്തെ എതിര്‍ത്ത് അരുണാചല്‍ പ്രദേശിലെ മുഖ്യമന്ത്രി പേമ ഖണ്ഡുവിന്‍റെ പരസ്യ പ്രതികരണം.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഭക്ഷണ ശീലം വ്യത്യസ്ഥമാണ്. ഭൂരിഭാഗം ജനങ്ങളും മാംസാഹാരികളാണ്. താന്‍ ബീഫ് കഴിക്കുന്നയാളാണ്. ജനങ്ങളുടെ ഇത്തരം വ്യത്യസ്ഥകളും ആവശ്യങ്ങളും കൂടി കണക്കിലെടുത്ത് മാത്രമേ വിഷയത്തില്‍ തീരുമാനമെടുക്കാവൂ എന്നും പേമ ഖണ്ഡു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നിരോധം പ്രാദേശിക സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും, നിരോധത്തില്‍ നിന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറവ് നിരോധ ഉത്തരവിനെ പിന്തുണച്ച് ദേശീയ നേതൃത്വവും കേന്ദ്ര സര്‍ക്കാരിലെ മുതിര്‍ന്ന അംഗങ്ങളും രംഗത്ത് വന്നതിന് പിന്നാലെയുള്ള ഈ വിമതസ്വരം ബിജെപി യെ വെട്ടിലാക്കിയിരിക്കുകയാണ്.