India
ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഇന്ധനവില കുറഞ്ഞില്ലക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഇന്ധനവില കുറഞ്ഞില്ല
India

ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഇന്ധനവില കുറഞ്ഞില്ല

Sithara
|
4 Jun 2018 11:38 PM GMT

പ്രതിദിന വിലനിര്‍ണയം നിലവില്‍ വന്നശേഷം കുത്തനെ വര്‍ദ്ധിച്ച ഇന്ധനവില കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്

ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും കുറയാതെ രാജ്യത്തെ ഇന്ധന വില. പ്രതിദിന വിലനിര്‍ണയം നിലവില്‍ വന്നശേഷം കുത്തനെ വര്‍ദ്ധിച്ച ഇന്ധനവില കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. കേന്ദ്ര, സംസ്ഥാന നികുതികള്‍ തന്നെയാണ് ഇന്ധനവിലയുടെ സിംഹഭാഗവും. കേന്ദ്രത്തിന്‍റെ നികുതി വരുമാനം ഇരട്ടിച്ചപ്പോള്‍ പോക്കറ്റ് കാലിയായത് സാധാരണക്കാരന്‍റേതാണ്.

ജൂണ്‍ 16നാണ് മാസത്തിലൊരിക്കല്‍ ഇന്ധന വില പുനര്‍നിര്‍ണയിക്കുന്ന രീതി മാറ്റി പ്രതിദിന വിലനിര്‍ണയം നടപ്പിലാക്കിയത്. അതിനുശേഷം തുടര്‍ച്ചയായി ഇന്ധന വില ക്രമാതീതമായി ഉയരുകയാണ്. 1 പൈസ മുതല്‍ 15 പൈസ വരെ വെച്ചാണ് ഓരോ ദിവസവും ഇന്ധനത്തിന്‍റെ വില ഉയരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വിലയാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ ഈടാക്കിയത്. ലിറ്ററിന് 79.48 പൈസ.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും അതിന്‍റെ ഗുണഫലം ഉപഭോക്താക്കള്‍ക്ക് ലഭിക്കാത്തത് കേന്ദ്ര സംസ്ഥാന നികുതികള്‍ മൂലമാണ്. ക്രൂഡ് ഓയില്‍ വില കഴിഞ്ഞ 9 വര്‍ഷത്തിനിടെ 60 ശതമാനം താഴ്ന്നെങ്കിലും ഇന്ത്യയില്‍ ഇന്ധനവില 45 ശതമാനമാണ് ഉയര്‍ന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പെട്രോളിന്‍റെ നികുതി 127 ശതമാനവും ഡീസലിന്‍റേത് 387 ശതമാനവുമാണ് ഉയര്‍ത്തിയത്. 2014 ല്‍ നികുതിയിനത്തില്‍ 99184 കോടി രൂപ ലഭിച്ചയിടത്ത് 2,42,691 കോടിയാണ് കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്.

ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്നാമതുള്ളത് മഹാരാഷ്ട്രയാണ്. കേരളം 6ആമതും. ജിഎസ്ടിക്ക് കീഴില്‍ പെട്രോളിയം ഉത്പന്നങ്ങളേയും ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ വിലവര്‍ദ്ധന ഒരുപരിധി വരെ തടയാമായിരുന്നു. ഒറ്റയടിക്ക് വിലകൂട്ടുന്നതിനു പകരം പ്രതിദിനം നേരിയ വ്യത്യാസം മാത്രം വരുത്തുന്നതിനാല്‍ വിലവര്‍ദ്ധന പെട്ടെന്ന് ജനങ്ങളുടേയും ശ്രദ്ധയില്‍ പെടാതെപോകുന്നു. അതിനാല്‍ തന്നെ മുന്‍കാലങ്ങളിലേത് പോലെ പ്രതിഷേധങ്ങളും ഉയരുന്നില്ല.

Similar Posts