India
ഞങ്ങളുടെ ജീവിതത്തില്‍ ഇടപെടേണ്ട; മുസ്‍ലിം യുവാവിനൊപ്പം പാര്‍ക്കില്‍ പോയ മകളെ മര്‍ദ്ദിച്ച ഹിന്ദു സംഘടനാ പ്രവര്‍ത്തകരോട് അമ്മ"ഞങ്ങളുടെ ജീവിതത്തില്‍ ഇടപെടേണ്ട"; മുസ്‍ലിം യുവാവിനൊപ്പം പാര്‍ക്കില്‍ പോയ മകളെ മര്‍ദ്ദിച്ച ഹിന്ദു സംഘടനാ പ്രവര്‍ത്തകരോട് അമ്മ
India

"ഞങ്ങളുടെ ജീവിതത്തില്‍ ഇടപെടേണ്ട"; മുസ്‍ലിം യുവാവിനൊപ്പം പാര്‍ക്കില്‍ പോയ മകളെ മര്‍ദ്ദിച്ച ഹിന്ദു സംഘടനാ പ്രവര്‍ത്തകരോട് അമ്മ

Sithara
|
4 Jun 2018 10:57 PM GMT

മുസ്‌ലിം യുവാവിനൊപ്പം പാര്‍ക്കില്‍ പോയതിന്‍റെ പേരില്‍ മംഗളൂരുവില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ പൊലീസിന് മുന്‍പില്‍ വെച്ച് പെണ്‍കുട്ടികളെ മര്‍ദ്ദിച്ചു.

മുസ്‌ലിം യുവാവിനൊപ്പം പാര്‍ക്കില്‍ പോയതിന്‍റെ പേരില്‍ മംഗളൂരുവില്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ പൊലീസിന് മുന്‍പില്‍ വെച്ച് പെണ്‍കുട്ടികളെ മര്‍ദ്ദിച്ചു. തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ഹിന്ദുത്വ ശക്തികള്‍ക്ക് അവകാശമില്ലെന്ന് പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മ വ്യക്തമാക്കി. പ്രായപൂര്‍ത്തിയാവാത്ത തന്‍റെ മകളെ തല്ലിയവര്‍ക്കെതിരെ അമ്മ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

തന്‍റെ സമ്മതത്തോടെയാണ് മകള്‍ സുഹൃത്തിനൊപ്പം വാട്ടര്‍ തീം പാര്‍ക്കില്‍ പോയതെന്ന് അമ്മ പറഞ്ഞു. മകള്‍ക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. എല്ലാവരും അവരവരുടെ വീട്ടുകാരെ അറിയിച്ചിട്ടാണ് പോയത്. അതെന്തുതന്നെയായാലും മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് അമ്മ നിലപാട് വ്യക്തമാക്കി.

സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികളും ഒരു മുസ്‍ലിം യുവാവും മംഗളൂരുവിലെ മാനസ വാട്ടര്‍ തീം പാര്‍ക്കിലാണ് പോയത്. അവിടെ നിന്ന് തിരിച്ചുവരുമ്പോള്‍ മുപ്പതോളം ഹിന്ദു ജാഗ്രണ്‍ വേദികെ പ്രവര്‍ത്തകര്‍ ഇവരെ വളയുകയായിരുന്നു. ഉടന്‍ തന്നെ പാര്‍ക്കിലെ സുരക്ഷാ ജീവനക്കാരന്‍ കാവോര്‍ പൊലീസില്‍ വിവരം അറിയിച്ചു. പക്ഷേ പാര്‍ക്കിന് പുറത്തു കടന്നതോടെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ പെണ്‍കുട്ടികള്‍ക്കും യുവാവിനുമെതിരെ അസഭ്യവര്‍ഷം തുടങ്ങി. അപ്പോഴേക്കും പൊലീസ് എത്തിയെങ്കിലും മുപ്പതോളം വരുന്ന സംഘത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. പൊലീസിന്‍റെ സഹായത്തോടെ വാഹനത്തിനടുത്തേക്ക് നീങ്ങുന്നതിനിടയില്‍ അക്രമിസംഘം പെണ്‍കുട്ടികളെയും യുവാവിനെയും മര്‍ദ്ദിക്കുകയും ചെയ്തു.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സ്ഥലത്തുണ്ടായിരുന്നവരില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തി. ലൌ ജിഹാദിനെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച സംഘടനയുടെ പ്രവര്‍ത്തകരാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടത്.

Similar Posts