വെട്ടിക്കൊന്ന് തീകൊളുത്തി ദൃശ്യങ്ങള്‍ പ്രചരിപ്പിപ്പിച്ച കൊലയാളിയുടെ നിശ്ചലദൃശ്യവുമായി സംഘ്പരിവാര്‍
|ഹിന്ദു സഹോദരങ്ങളെ ഉണരൂ നിങ്ങളുടെ പെണ്‍മക്കളെയും സഹോദരിമാരെയും സംരക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ശംഭുലാല്‍ റൈഗറിന് ആദരം അര്‍പ്പിച്ചുള്ള ടാബ്ലോ മഹാനവമി റാലിയില്‍ ഇടംപിടിച്ചത്.
രാജസ്ഥാനില്‍ ബംഗാളി തൊഴിലാളി മുഹമ്മദ് അഫ്‌റസുലിന് വെട്ടിക്കൊലപ്പെടുത്തി തീകൊളുത്തിയ കൊലയാളിക്ക് ആദരം അര്‍പ്പിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. മഹാനവമിയോട് അനുബന്ധിച്ച് ജോധ്പൂരില്‍ നടത്തിയ റാലിയിലാണ് പ്രതി ശംഭുലാല്‍ റൈഗറിന് ആദരം അര്‍പ്പിച്ചുള്ള നിശ്ചല ദൃശ്യം ഒരുക്കിയത്. കഴിഞ്ഞ ഡിസംബറിലാണ് മുഹമ്മദ് അഫ്‌റസുലിനെ ശംഭുലാല്‍ കൊലപ്പെടുത്തിയത്.
ഹിന്ദു സഹോദരങ്ങളെ ഉണരൂ നിങ്ങളുടെ പെണ്‍മക്കളെയും സഹോദരിമാരെയും സംരക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ശംഭുലാല്‍ റൈഗറിന് ആദരം അര്‍പ്പിച്ചുള്ള ടാബ്ലോ മഹാനവമി റാലിയില്‍ ഇടംപിടിച്ചത്. അഫ്‌റസുലിനെ കൊലപ്പെടുത്തിയ ശേഷം രാജാവിനെ പോലെ മഴുവുമായി ഇരിക്കുന്ന ശംഭുലാലാണ് നിശ്ചല ദൃശ്യത്തിലെ ശ്രദ്ധാകേന്ദ്രം.
ജോധ്പൂരിലെ ശിവസേനയുടെ ജോയിന്റ് ട്രഷററായ ഹരിസിങ് റാത്തോഡാണ് നിശ്ചല ദൃശ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. നിരവധി ഹിന്ദു സ്ത്രീകളെ മുസ്ലിം യുവാക്കള്‍ പ്രണയിച്ച് മതം മാറ്റി വിവാഹം കഴിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ശംഭുലാല്‍ ചെയ്തത് ശരിയാണെന്നും റാത്തോഡ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മുസ്ലിമായതിന്റെ പേരില്‍ മധ്യവയസ്‌കനായ ബംഗാളി തൊഴിലാളി മുഹമ്മദ് അഫ്‌റസുലിനെ ശംഭുലാല്‍ റൈഗര്‍ മഴുകൊണ്ട് വെട്ടിയ ശേഷം തീ കൊളുത്തി കൊന്നത്. ഇക്കാര്യം വീഡിയോയില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ പിടിയിലായ ശംഭുലാല്‍ ഫെബ്രുവരിയില്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രണ്ട് വിദ്വേഷ വീഡിയോകള്‍ ചിത്രീകരിച്ച് പുറത്ത് വിട്ടത് വിവാദമായിരുന്നു.