ത്രിപുരയിലെ ബിജെപി സഖ്യത്തില്‍ ഭിന്നത; സര്‍ക്കാരിനെതിരെ ഐപിഎഫ്ടി
|ആദിവാസികള്‍ക്ക് പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തില്‍ ഒരു പുരോഗതിയുമില്ലെന്ന് ആരോപിച്ചാണ് ഐപിഎഫ്ടിയുടെ സമരം.
ത്രിപുരയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ഭിന്നത. സഖ്യകക്ഷിയായ ഐപിഎഫ്ടിയാണ് (ഇന്‍ഡീജിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര) ബിജെപിക്കെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആദിവാസികള്‍ക്ക് പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തില്‍ ഒരു പുരോഗതിയുമില്ലെന്ന് ആരോപിച്ചാണ് ഐപിഎഫ്ടിയുടെ സമരം.
തങ്ങളുടെ ആവശ്യം പരിശോധിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വാക്കുതന്നതാണെന്ന് ഐപിഎഫ്ടി യൂത്ത് വിങ് ജനറല്‍ സെക്രട്ടറി സുക്ല ചരന്‍ നോട്ടിയ പറഞ്ഞു. അവര്‍ വാഗ്ദാനം പാലിക്കണം. അവരെ ഇക്കാര്യം ഓര്‍മിക്കാനാണ് സമരമെന്നും സുക്ല ചരന്‍ പറഞ്ഞു. മാര്‍ച്ച് 30ന് നിരാഹാര സമരം നടത്തിയാണ് യൂത്ത് വിങ് പ്രതിഷേധിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച മറ്റ് ആദിവാസി സംഘടനകളും സമരത്തില്‍ പങ്കെടുത്തു.
പ്രത്യേക സംസ്ഥാനമെന്ന ഐപിഎഫ്ടി ആവശ്യത്തെക്കുറിച്ച് പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങാണ് ഉറപ്പുനല്‍കിയത്. തുടര്‍ന്നാണ് ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടായത്. ത്രിപുരയില്‍ 25 വര്‍ഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറച്ചാണ് ബിജെപി സഖ്യം അധികാരത്തിലെത്തിയത്. എന്നാല്‍ അധികാരത്തിലെത്തി ഉടന്‍ തന്നെ സഖ്യകക്ഷി പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത് ബിജെപിക്ക് ക്ഷീണമായി.