ശകാരിച്ച് ഇറക്കിവിട്ടു; യോഗിക്കെതിരെ ജാതിവിവേചന പരാതിയുമായി ബിജെപി എംപി
|ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജാതിവിവേചനം കാണിക്കുന്നുവെന്ന് ബിജെപി ദലിത് എംപി ഛോട്ടേ ലാല്‍ ഖര്‍വാര്‍.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജാതിവിവേചനം കാണിക്കുന്നുവെന്ന് ബിജെപി ദലിത് എംപി ഛോട്ടേ ലാല്‍ ഖര്‍വാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും ഛോട്ടേ ലാല്‍ പരാതി അയച്ചു. യുപിയിലെ റോബര്‍ട്ട്‌സ് ഗഞ്ചില്‍ നിന്നുളള എംപിയാണ് ഛോട്ടേ ലാല്‍.
തന്‍റെ മണ്ഡലത്തോട് സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും കടുത്ത വിവേചനം കാണിക്കുന്നുവെന്ന് എംപി മോദിക്കയച്ച കത്തില്‍ വ്യക്തമാക്കി. രണ്ട് തവണ യോഗി ആദിത്യനാഥിനെ സമീപിച്ചപ്പോള്‍ സംസാരിക്കാന്‍ പോലും അനുവദിക്കാതെ ശകാരിച്ച് ഇറക്കിവിട്ടു. വനഭൂമി സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ കയ്യടക്കി വെയ്ക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ കയ്യേറ്റഭൂമിയിലാണ് വീട് നിര്‍മിച്ചതെന്ന് സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും എംപി കത്തില്‍ വിശദമാക്കി.
പാര്‍ട്ടിയിലെ സവര്‍ണരായ നേതാക്കള്‍ ഗൂഢാലോചന നടത്തി തന്‍റെ സഹോദരനെ ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്നും ഛോട്ടേ ലാല്‍ പരാതിയില്‍ പറയുന്നു. തന്‍റെ പരാതിയില്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് അഭ്യര്‍ഥിച്ചാണ് എംപി കത്ത് അവസാനിപ്പിച്ചത്. എസ്‍സി, എസ്‍ടി പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തിയതിനെതിരെ രാജ്യവ്യാപക ദലിത് പ്രക്ഷോഭം നടക്കുന്നതിനിടെയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ എംപി തന്നെ ജാതിവിവേചനം നേരിട്ടെന്ന ആരോപണവുമായി രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്.