ആടിനെ രക്ഷിക്കാന്‍ കടുവയോട് പോരാടി; താരമായി യുവതി
|പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഭണ്ഡാര സ്വദേശിയായ രൂപാലി എന്ന യുവതിയാണ് അസാമാന്യ ധൈര്യം പുറത്തെടുത്ത് നാട്ടിലെ താരമായത്
കടുവയെ കണ്ടാല്‍ പേടിച്ചോടുന്ന കൂട്ടത്തിലല്ല രൂപാലി മേശ്രാം എന്ന ഇരുപത്തിമൂന്നുകാരി, വേണമെങ്കില്‍ കടുവയ്ക്കിട്ട് ഒന്നു പൊട്ടിക്കാനും രുപാലിക്ക് ചങ്കൂറ്റമുണ്ട്. അല്ലെങ്കില്‍ തന്റെ ആടിനെ രക്ഷിക്കാന്‍ കടുവയുമായ ഒരു നീണ്ട പോരാട്ടത്തിന് മുതിരുമോ..കേട്ടിട്ട് ഒരു കെട്ടുകഥയാണെന്ന് കരുതേണ്ട, സംഭവം സത്യമാണ്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഭണ്ഡാര സ്വദേശിയായ രൂപാലി എന്ന യുവതിയാണ് അസാമാന്യ ധൈര്യം പുറത്തെടുത്ത് നാട്ടിലെ താരമായത്.
വീട്ടില്‍ വളര്‍ത്തുന്ന ആടിനെ കടുവ ആക്രമിക്കുന്നത് കണ്ട് രുപാലിക്ക് സഹിക്കാനായില്ല. ഒരു വടിയെടുത്ത് കടുവയെ അടിക്കാന്‍ തുടങ്ങി. പ്രകോപിതനായ കടുവ ആടിനെ വിട്ട് രൂപാലിയെ തിരിച്ച് ആക്രമിക്കുവാന്‍ തുടങ്ങി. ഇതു കണ്ട അവളുടെ അമ്മ പുറത്തെത്തി രൂപാലിയെ വീടിനകത്തേക്ക് കയറ്റി. തലനാരിഴയ്ക്കാണ് അവള് കടുവയുടെ വായില്‍ നിന്ന് രക്ഷപ്പെട്ടത്. അതേ സമയം കടുവയില്‍ നിന്നും രക്ഷിച്ചെങ്കിലും ആക്രമിക്കപ്പെട്ട ആട് ചത്തു.
കടുവയുടെ ആക്രമണത്തില്‍ രൂപാലിയുടെ തലയ്ക്കും അരക്കെട്ടിനും കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചോരയൊലിപ്പിച്ചു നില്ക്കുന്ന രൂപാലി അമ്മയുമായി ഒരു സെല്ഫിയുമെടുത്തു. എന്റെ മകള്‍ മരിച്ചു പോയെന്നാണ് ഞാന്‍ വിചാരിച്ചത്. ആക്രമണത്തിന്റെ ഞെട്ടല്‍ വിട്ടുമാറാതെ അമ്മ ജിജാഭായ് പറഞ്ഞു. അസാമാന്യ ധൈര്യമുള്ളവള്‍ എന്നാണ് രൂപാലിയെ ചികിത്സിച്ച് ഡോക്ടര്‍ വിശേഷിപ്പിച്ചത്.
വന്യമൃഗങ്ങളുടെ ആക്രമണം ഉള്ള സ്ഥലമാണ് ഭണ്ഡാര ഗ്രാമം. കടുവയെ കണ്ടപ്പോള്‍ തന്നെ ഫോറസ്റ്റ് ഗാര്‍ഡിനെ വിവരമറിയിച്ചുവെങ്കിലും അയാളെത്തുന്നതിന് മുന്‍പ് തന്നെ കടുവ ഓടിക്കളഞ്ഞെന്ന് രുപാലി പറഞ്ഞു.