India
ഇനിയും മൌനം തുടര്‍ന്നാല്‍ ചരിത്രം മാപ്പ് തരില്ല; കേന്ദ്രത്തിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ്ഇനിയും മൌനം തുടര്‍ന്നാല്‍ ചരിത്രം മാപ്പ് തരില്ല; കേന്ദ്രത്തിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ്
India

ഇനിയും മൌനം തുടര്‍ന്നാല്‍ ചരിത്രം മാപ്പ് തരില്ല; കേന്ദ്രത്തിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ്

Sithara
|
4 Jun 2018 1:18 AM GMT

നിയമനത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുര്യന്‍ ജോസഫ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 22 ജഡ്ജിമാര്‍ക്ക് കത്തയച്ചു.

ജുഡീഷ്യറിക്ക് മേലുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ കടന്നുകയറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജഡ്ജി നിയമനത്തിനുള്ള കൊളീജിയം ശിപാര്‍ശകള്‍ കേന്ദ്രം വൈകിപ്പിക്കുന്നതില്‍ ‍ സുപ്രീം കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് ജസ്റ്റിസ് കുര്യന്‍ ജോസഫ് കത്തയച്ചു.

ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫ്, മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ശിപാർശ ചെയ്തിട്ട് മാസം മൂന്നായി. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നടപടി എടുക്കാത്ത പശ്ചാത്തലത്തിൽ ആണ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ കത്ത്. സുപ്രീംകോടതിയുടെ നിലനിൽപ്പും സ്വാഭാവിക പ്രവർത്തനങ്ങളും ഭീഷണിയിൽ ആണ്. സ്വമേധയാ ഇടപെടണം. അല്ലെങ്കിൽ ചരിത്രം കോടതിക്ക് മാപ്പ് നൽകില്ലെന്ന് കത്തില്‍ പറയുന്നു.

വിഷയം പരിഗണിക്കാനായി 7 അംഗ ബെഞ്ച് രൂപീകരിക്കണമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് കർണ്ണന്റെ കേസിൽ സുപ്രീംകോടതി ഇടപെട്ട കാര്യവും ഒരു കീഴ്‍വഴക്കം എന്ന നിലയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാഭാവിക പ്രസവം നടന്നില്ലെങ്കിൽ പിന്നെ സിസേറിയൻ മാത്രമാണ് മാർഗം. ഇല്ലെങ്കിൽ ഗർഭപാത്രത്തിൽ വെച്ച് കുഞ്ഞ് മരിച്ചുപോകുമെന്ന പരാമർശവും കത്തിലുണ്ട്.

കൊളീജിയം ശിപാർശ വൈകിപ്പിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ് ചെലമേശ്വർ കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ കത്ത്. സുപ്രീംകോടതിയിലെ മറ്റ് 22 ജഡ്ജിമാർക്കും അദ്ദേഹം ഇതേ കത്ത് അയച്ചിട്ടുണ്ട്. കൊളീജിയം ശിപാർശ വൈകിപ്പിക്കുന്നതിൽ ചീഫ് ജസ്റ്റിസ് ഇടപെടാത്തതിനെതിരെ ജനുവരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലും ജസ്റ്റിസുമാരായ കുര്യൻ ജോസഫും ചെലമേശ്വരും പ്രതിഷേധിച്ചിരുന്നു.

Similar Posts