കത്‍വ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത് ക്ഷേത്രത്തില്‍ വെച്ചുതന്നെ
|പ്രതികള്‍ക്കെതിരായ ഫൊറന്‍സിക് തെളിവുകളും ശക്തം
കത്‌വ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ക്ഷേത്രത്തില്‍ വെച്ച് തന്നെയാണെന്ന് ഫൊറന്‍സിക് തെളിവുകള്‍. ക്ഷേത്രത്തിനകത്ത് നിന്ന് പെണ്‍കുട്ടികളുടെയും പ്രതികളുടെയും മുടി കണ്ടെത്തി. പ്രതികള്‍ക്കെതിരായ ഫൊറന്‍സിക് തെളിവുകള്‍ ശക്തമാണ്.
14 തെളിവുകളാണ് ഡല്‍ഹിയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനക്ക് എത്തിച്ചിരുന്നത്. പെണ്‍കുട്ടിയുടെ യോനി സ്രവം, മുടിനാരുകള്‍, ആന്തരികവയവങ്ങളുടെ ഭാഗങ്ങള്‍, വസ്ത്രങ്ങള്‍, പ്രദേശത്ത് നിന്നും എടുത്ത രക്തം പുരണ്ട മണ്ണ്, പ്രതികളുടെ രക്തക്കറ എന്നിവയുള്‍പ്പടെയുള്ളവ തെളിവുകളില്‍ ഉണ്ടായിരുന്നു.
ഇവ പരിശോധിച്ചതില്‍ നിന്നുമാണ് പെണ്‍കുട്ടി ക്ഷേത്രത്തിന് അകത്ത് വെച്ച് പീഡനത്തിന് ഇരയായെന്ന് വ്യക്തമായത്. പെണ്‍കുട്ടിയുടെ യോനി സ്രവം പ്രതികളുടെ ഡിഎന്‍എയുമായി യോജിക്കുന്നതാണ്. ക്ഷേത്രത്തിന് അകത്ത് നിന്നും പെണ്‍കുട്ടിയുടെയും പ്രതികളുടെയും മുടിനാര് ലഭിച്ചു.
അലക്കി വെളുപ്പിച്ചിട്ടും പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്നും പോകാതെ കിടന്ന രക്തക്കറയും നിര്‍ണായകമായി.
അറസ്റ്റിലായവര്‍ കുറ്റക്കാരല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും നേരത്തെ, ജമ്മുകശ്മീരിലെ മന്ത്രിമാര്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ കേസിന്‍റെ വിചാരണ ഛണ്ഢീഗഡിലേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്‍റെ അപേക്ഷ സുപ്രീംകോടതി ഈ മാസം 27 ന് പരിഗണിക്കും. 28 നാണ് കത്വാ ജില്ലാ കോടതിയില്‍ കേസ് പരിഗണിക്കുന്നത്.