പശുസംരക്ഷണത്തിന്‍റെ പേരില്‍ കൊല്ലപ്പെട്ട 28 പേരില്‍ 24 ലും മുസ്‍ലിംകളായിരുന്നുവെന്ന് റിപ്പോര്‍ട്ട്
|എട്ടുവര്‍ഷത്തിനിടെയുണ്ടായ 63 അക്രമങ്ങളില്‍ 61 ഉം ഉണ്ടായത് 2014 ല്‍ മോദി ഭരണത്തിലേറിയതിന് ശേഷം
കഴിഞ്ഞ എട്ടുവര്‍ഷമായി പശുസംരക്ഷണത്തിന്‍റെ പേരില്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളില്‍ പകുതിയിലധികവും മുസ്‍ലിംകളെ ലക്ഷ്യവെച്ചുള്ളവയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 2010 മുതല്‍ 2017 വരെയുള്ള കാലയളവാണ് ഡാറ്റ തയ്യാറാക്കാനായി പരിഗണിച്ചത്. 63 സംഭവങ്ങളിലായി 28 പേര്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ 24 പേരും (86 ശതമാനം) മുസ്‍ലിംകളായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. പരിക്കേറ്റത് 124 പേര്‍ക്കാണ്. പകുതിയിലധികം (52%) ആക്രമത്തിനും കാരണമായത് കിംവദന്തികളായിരുന്നുവെന്ന് തങ്ങളുടെ നിരീക്ഷണത്തില്‍ തെളിഞ്ഞെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയ ഇന്ത്യാസ്പെന്‍റ് അഭിപ്രായപ്പെടുന്നു. ഈ മാസം 25 വരെയുള്ള അക്രമങ്ങളാണ് തങ്ങള്‍ പഠനത്തിനായി തെരഞ്ഞെടുത്തതെന്ന് ഇന്ത്യസ്പെന്‍റിന്‍റെ വക്താക്കള്‍ പറയുന്നു. പൊതു അക്രമവും കന്നുകാലികളുമായി ബന്ധപ്പെട്ടുണ്ടായ അക്രമവും വേര്‍തിരിച്ചുള്ള കണക്കുകളുടെ ഡാറ്റ ഇതുവരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാക്കിയിട്ടില്ലെന്നും അതുകൊണ്ടാണ് അത്തരമൊരു ഉദ്യമത്തിന് തങ്ങള്‍ തയ്യാറായതെന്നുമാണ് ഇന്ത്യാസ്പെന്‍റ് പറയുന്നത്.
എട്ടുവര്‍ഷത്തിനിടെയുണ്ടായ 63 അക്രമങ്ങളില്‍ 61 ഉം ഉണ്ടായത് 2014 ല്‍ മോദി ഭരണത്തിലേറിയതിന് ശേഷമാണ്. 2016 ലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്- 25. എന്നാല്‍ ഈ വര്‍ഷം ആറുമാസത്തിനുള്ളിലാകട്ടെ 20 അക്രമങ്ങളാണ് ഇത്തരത്തിലുണ്ടായിട്ടുള്ളത്. 2017ലെ പിന്നിട്ട ആറുമാസങ്ങളില്‍ ഇത്തരത്തിലുള്ള 20 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് 2016ലുണ്ടായ ആകെ അക്രമങ്ങളുടെ 75 ശതമാനത്തിലധികമാണ്. ജനക്കൂട്ടത്തിന്‍റെ അക്രമവും, ഗോസംരക്ഷകരുടെ അക്രമവും, കൊലപാതകമോ, കൊലപാതക ശ്രമമോ, ശല്യം ചെയ്യലും, ലൈംഗികമായ അതിക്രമവും എല്ലാം ഇത്തരം അക്രമത്തിന്‍റെ ഭാഗമാണ്. രണ്ട് ആക്രമണത്തില്‍ ഇരകള്‍ നഗ്നരാക്കി കെട്ടിയിട്ടാണ് മര്‍ദ്ദിച്ചത്. മറ്റു രണ്ടുകേസുകളിലാകട്ടെ, ഇരകളെ തലകീഴാക്കി കെട്ടിത്തൂക്കുകയും ചെയ്തു.
കന്നുകാലികളുമായി ബന്ധപ്പെട്ടുണ്ടായ 63 അക്രമങ്ങളില്‍ 32 ഉം ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 8 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ആയിരുന്നു അധികാരത്തില്‍. മറ്റിടങ്ങളിലാകട്ടെ, സമാജ്‍വാദി പാര്‍ട്ടി (ഉത്തര്‍പ്രദേശ്), പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (ജമ്മു ആന്‍റ് കശ്മീര്‍), ആം ആദ്മി പാര്‍ട്ടി (ഡല്‍ഹി) എന്നിവയും. സംസ്ഥാനത്തെ 29 സംസ്ഥാനങ്ങളില്‍ 19 ഇടങ്ങളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശ് (10), ഹരിയാന (9) , ഗുജറാത്ത് (6), കര്‍ണാടക (6), മധ്യപ്രദേശ് (4), ഡല്‍ഹി (4), രാജസ്ഥാന്‍ (4) എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ ആകെയുള്ള കേസുകളുടെ 21ശതമാനം പോലും ദക്ഷിണേന്ത്യയില്‍ നിന്നുള്ളതല്ല. അതായത് നിലവിലെ 63 കേസുകളില്‍ ആകെ 13 എണ്ണമാണ് ഈ മേഖലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ പകുതിയിലധികവും കര്‍ണാടകയില്‍ നിന്നാണെന്നതാണ് വാസ്തവം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാകട്ടെ, ഒരു കേസ് മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അത് 2017 ഏപ്രില്‍ 30 നാണ്. ആസാമില്‍ ആ സംഭവത്തില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ആന്ധ്ര, ആസം, ഹിമാചല്‍ പ്രദേശ്, കേരള, ഓഡീഷ, തമിഴ്നാട്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ കേസ് വീതവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തരമൊരു ഡാറ്റ തയ്യാറാക്കാനായി, ഈ അക്രമവുമായി ബന്ധപ്പെട്ട വാക്കുകളുപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ചിന്‍റെ സഹായം തേടുകളാണ് തങ്ങള്‍ ആദ്യ ചെയ്തതെന്ന് ഇന്ത്യാസ്പെന്‍റ് ടീം പറയുന്നു. ശേഷം ആ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത് മാധ്യമപ്രവര്‍ത്തകരുമായും ബന്ധപ്പെട്ടു. മുസ്‍ലിം സമുദായത്തില്‍ നിന്നുള്ള ഇരകളെ തിരിച്ചറിഞ്ഞത് പേര് വെച്ചിട്ടാണ്. ആകെ കേസുകളിലെ 8 ശതമാനവും തെളിയിക്കുന്നത് നിറത്തിന്‍റെയും ബീഫ് കഴിക്കുന്നതിന്‍റെയും പേരില്‍ ദളിതരും ആക്രമിക്കപ്പെട്ടുവെന്നാണ്. പക്ഷേ, ഇരയുടെ കൃത്യമായ മതം വാര്‍ത്തകളില്‍ നിന്ന് മാത്രം തിരിച്ചറിയാന്‍ സാധിക്കുമായിരുന്നില്ല. 32 കേസുകളില്‍ മുസ്‍ലിംകളും 5 കേസുകളില്‍ ദലിതുകളും മൂന്ന് കേസുകളില്‍ സിഖുകളോ ഹിന്ദുക്കളോ, ഒരു കേസില്‍ ക്രിസ്ത്യനും ഇരയാക്കപ്പെട്ടു. 13 കേസുകളില്‍ ഇരയുടെ മതം തിരിച്ചറിയാന്‍ സാധിച്ചില്ല. ഇതില്‍ 9 കേസുകളില്‍ ഇരകളുടെ സ്ഥാനത്ത് ഹിന്ദുമതവിശ്വാസികളാണുള്ളത്. പക്ഷേ അവര്‍ ദളിതരാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. എട്ട് ശതമാനത്തോളം പൊലീസുകാര്‍ക്കും അതുപോലുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇത്തരം അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. 27 ശതമാനം അക്രമങ്ങളും സ്ത്രീകളെ ലക്ഷ്യംവെച്ചുള്ളതായിരുന്നു.
അഞ്ചുശതമാനം കേസുകളിലും അക്രമികളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് വിവരങ്ങളൊന്നുമില്ല.. 13 കേസുകളിലാകട്ടെ ഇരകളെ പ്രതികളാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 23 കേസുകളില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് വിശ്വഹിന്ദു പരിഷത്ത്, ബജംറഗദള്‍, ഗോ രക്ഷാ സമിതി എന്നിവയുടെ പ്രവര്‍ത്തകരിലാരെങ്കിലുമായിരുന്നുവെന്ന് വ്യക്തമാണ്. 2010 മുതലുണ്ടായ 63 അക്രമങ്ങളില്‍ 33 എണ്ണവും വെറും കിംവദന്തികളുടെ പുറത്തുണ്ടായതാണ്.
2010 ജൂണ്‍ 10 നാണ് ഇത്തരത്തിലുള്ള ആദ്യ അക്രമമുണ്ടാകുന്നത്. പഞ്ചാബിലെ മന്‍സ ജില്ലയിലെ ജോഗയില്‍. 25 പശുക്കളെ സൂക്ഷിച്ച ഒരു ഫാക്ടറി വിശ്വഹിന്ദു പരിഷത്തിന്‍റെ പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരെ അറസ്റ്റും ചെയ്തു. ഹരിയാനയിലെ മീവറ്റില്‍ 2016 ആഗസ്റ്റ് മാസം ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഒരു സ്ത്രീയെയും അവരുടെ ബന്ധുവായ 14 വയസ്സുകാരിയെയും ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കി. അവരുടെ രണ്ട് ബന്ധുക്കള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. തങ്ങള്‍ ബീഫ് കഴിച്ചെന്ന ആരോപണം തെറ്റാണെന്ന് ആ സ്ത്രീ പറയുന്നു. പിന്നീട് കേസില്‍ കൊലപാത- ബലാത്സംഗ കുറ്റം ചുമത്തി നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
2016 ജൂണില്‍ പശുസംരക്ഷണ പ്രവര്‍ത്തകരായ ബജ്റംഗദളുകാര്‍ക്ക് കന്നുകാലി കടത്തുകാരുടെ മര്‍ദ്ദനമേറ്റ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് മഹാരാഷ്ട്രയില്‍ ബീഫ് നിരോധം നിലവില്‍ വന്നത്. കഴിഞ്ഞ മാസവസാനമാണ് മദ്രാസ് യൂണിവേഴ്‍സിറ്റിയില്‍ ബീഫ് കഴിച്ചതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥി ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത്. ഹരിയാനയില്‍ 2017 ഏപ്രില് 1 നാണ് 55 കാരനായ പെഹലൂഖാന്‍ രാജസ്ഥാനിലെ അല്‍വാറില്‍ വെച്ച് പശുസംരക്ഷകരാല്‍ ക്രൂരമായി ആക്രമിക്കപ്പെട്ട് കൊലചെയ്യപ്പെട്ടത്. ഏറ്റവുമവസാനം ട്രെയിനില്‍ വെച്ച് ക്രൂരമായി കൊലചെയ്യപ്പെട്ട 16 കാരന്‍ ജുനൈദും.