India
ബോംബല്ല, ബീഫാണ് അപകടം: ബീഫ് ഡിറ്റക്ഷന്‍ കിറ്റുമായി മഹാരാഷ്ട്ര പൊലീസ്ബോംബല്ല, ബീഫാണ് അപകടം: 'ബീഫ് ഡിറ്റക്ഷന്‍ കിറ്റു'മായി മഹാരാഷ്ട്ര പൊലീസ്
India

ബോംബല്ല, ബീഫാണ് അപകടം: 'ബീഫ് ഡിറ്റക്ഷന്‍ കിറ്റു'മായി മഹാരാഷ്ട്ര പൊലീസ്

Khasida
|
5 Jun 2018 3:26 AM GMT

ഇറച്ചി പശുവിന്‍റേതാണോ എന്ന് തിരിച്ചറിയാന്‍ ഈ കിറ്റിന് വെറും അരമണിക്കൂര്‍ മതി

പിടിച്ചെടുക്കുന്ന മാംസം പശുവിന്‍റേതാണോ എന്ന് തിരിച്ചറിയാന്‍ പൊലീസിനെ സഹായിക്കാനായി ഇനി 'ഡിറ്റക്ഷന്‍ കിറ്റ്'. മഹാരാഷ്ട്രയിലാണ് പെട്ടെന്ന് തന്നെ നടപടിയെടുക്കാന്‍ സഹായകമായി പൊലീസ് സേനയ്ക്ക് ബീഫ് ഡിറ്റക്ഷന്‍ കിറ്റ് നല്‍കാനുള്ള തീരുമാനം. ഈ കിറ്റ് ഉപയോഗിച്ച് പിടിച്ചെടുക്കുന്ന ഇറച്ചിയുടെ സാമ്പിള്‍ പശുവിന്‍റേതാണോ എന്ന് തിരിച്ചറിയാന്‍ വെറും അരമണിക്കൂര്‍ മതിയെന്ന് അവകാശപ്പെടുന്നു സംസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ കൃഷ്ണ കുല്‍ക്കര്‍ണി. ഇതോടെ പിടിച്ചെടുക്കുന്ന ഇറച്ചി, പശുവിന്‍റേതാണോ അല്ലയോ എന്ന് ഉറപ്പുവരുത്താന്‍ പൊലീസിന് ഇനി ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരില്ല.

1976-ലെ മൃഗസംരക്ഷണ നിയമപ്രകാരം പശുവിനെ കൊല്ലുന്നതും പശു ഇറച്ചി കൈവശം വെയ്ക്കുന്നതും മഹാരാഷ്ട്രയില്‍ നിരോധിച്ചതാണ്. ഏകദേശം 45 ഫോറന്‍സിക് വാഹനങ്ങള്‍ക്കാണ് ഈ കിറ്റുകള്‍ ലഭിക്കുക. 8,000 രൂപയാണ് ഇത്തരത്തിലുള്ള ഒരു കിറ്റിനുള്ള ചെലവ്. ഒരു കിറ്റിന് കുറഞ്ഞത് 100 സാമ്പിളുകള്‍ വരെ പരിശോധിക്കാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്. അടുത്ത മാസത്തോടെ പൊലീസിന് ഇറച്ചി പരിശോധിക്കാനുള്ള ഇത്തരം കിറ്റുകള്‍ പൊലീസ് സേനയ്ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ഇറച്ചി പിടികൂടുമ്പോള്‍ പരിശോധനയ്ക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചാണ് അത് പരിശോധിക്കുന്നത്. പുതിയ കിറ്റ് ലഭിക്കുന്നതോടെ ഇറച്ചി പിടികൂടുന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കേണ്ടി വരില്ല. പരിശോധയ്ക്കായി ലാബോറട്ടറിയിലേക്ക് അയയ്ക്കുന്ന പണച്ചെലവും സമയനഷ്ടവും പരിഹരിക്കാനും സാധിക്കും. പരിശോധനാ സ്ഥലത്ത് വെച്ച് തന്നെ ഇറച്ചി പരിശോധിക്കാനും അത് ബീഫാണെന്ന് തെളിഞ്ഞാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും കഴിയും.

കിറ്റ് പരിശോധനയില്‍ ഇറച്ചി പശുവിന്‍റേതാണെന്ന് തെളിഞ്ഞാല്‍ മാത്രമേ ഇനി ഡി.എന്‍.എ പരിശോധനയ്ക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയക്കുകയുള്ളു. ഇവിടെ നിന്നാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക.

നിലവിലെ ഡി.എന്‍.എ പരിശോധന വളരെ ചെലവേറിയതാണ്. ഒരു സാമ്പിള്‍ പരിശോധിക്കാന്‍ 750 രൂപയാണ് ചെലവ്. ഓരോ വര്‍ഷവും ഇത്തരത്തിലുള്ള ആയിരക്കണക്കിന് സാമ്പിളുകളാണ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെത്തുന്നത്. പുതിയ കിറ്റ് പ്രകാരം ഇറച്ചി പശുവിന്‍റേതാണെന്ന് തെളിഞ്ഞാല്‍ മാത്രമേ ഡിഎന്‍എ പരിശോധന നടത്തേണ്ടിവരികയുള്ളൂ.

മുംബൈ, നാഗ്പൂര്‍, പൂനെ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഡി.എന്‍.എ പരിശോധനയ്ക്കു സൗകര്യമുള്ള ലബോറട്ടറികള്‍ ഉള്ളത്. ഔറംഗാബാദ്, നാസിക് എന്നിവിടങ്ങളിലെ ലബോറട്ടറികളിലും ഉടന്‍ തന്നെ ഈ സൗകര്യം നിലവില്‍ വരും.

Related Tags :
Similar Posts