India
യുപിയില്‍ ആറ് മാസത്തിനിടെ  430 ഏറ്റുമുട്ടലുകള്‍; ഏറ്റുമുട്ടലിന് പൊലീസിന് പാരിതോഷികംയുപിയില്‍ ആറ് മാസത്തിനിടെ 430 ഏറ്റുമുട്ടലുകള്‍; ഏറ്റുമുട്ടലിന് പൊലീസിന് പാരിതോഷികം
India

യുപിയില്‍ ആറ് മാസത്തിനിടെ 430 ഏറ്റുമുട്ടലുകള്‍; ഏറ്റുമുട്ടലിന് പൊലീസിന് പാരിതോഷികം

Sithara
|
5 Jun 2018 1:52 PM GMT

ഏറ്റുമുട്ടലിന് നേതൃത്വം നല്‍കുന്ന പൊലീസ് സംഘത്തിന് ഒരു ലക്ഷം രൂപ വരെ‌ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആറ് മാസത്തിനിടെ പൊലീസിന്‍റെ നേതൃത്വത്തില്‍ 430 ഏറ്റുമുട്ടലുകളുണ്ടായെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് ഓരോ 12 മണിക്കൂറിലും ഒരു ഏറ്റുമുട്ടല്‍ എന്നതാണ് ശരാശരി കണക്ക്‍. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പുതിയ തന്ത്രമാണിതെന്നാണ് സര്‍ക്കാരിന്‍റെ അവകാശവാദം.

മാര്‍ച്ച് 20 മുതല്‍ സെപ്തംബര്‍ 18 വരെ 431 തവണ ഏറ്റുമുട്ടലുകളുണ്ടായെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്. ഏറ്റുമുട്ടലുകളില്‍ 17 കുറ്റവാളികള്‍ കൊല്ലപ്പെട്ടെന്നും സര്‍ക്കാര്‍ രേഖ പറയുന്നു. 1106 കുറ്റവാളികളെ പിടികൂടി. രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. 88 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റുമുട്ടലിന് നേതൃത്വം നല്‍കുന്ന പൊലീസ് സംഘത്തിന് ഒരു ലക്ഷം രൂപ വരെ‌ സര്‍ക്കാര്‍ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ഏറ്റുമുട്ടലുകളുടെ എണ്ണം കൂടുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ആനന്ദ് കുമാര്‍ പറഞ്ഞു. ക്രിമിനലുകളില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാനാണ് പൊലീസ് ആസൂത്രിതമായ ഏറ്റുമുട്ടല്‍ നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ ഇന്ന് ജനങ്ങള്‍ സുരക്ഷിതരാണെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അവകാശവാദം. കുറ്റവാളികള്‍ക്കെതിരെ പേടിയില്ലാതെ നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം പൊലീസിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഏറ്റുമുട്ടല്‍ പതിവാക്കുന്ന പൊലീസ് ശൈലി അപകടകരമാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

Similar Posts