ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ സഖ്യസംഘടനകള്‍ക്കെതിരെ എസ്എഫ്ഐയുടെ മുദ്രാവാക്യം
|ഹൈദരാബാദ് സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ സഖ്യകക്ഷികളായ എംഎസ്എഫ്, എസ്ഐഒ സംഘടനകള്‍ക്കെതിരെ അപകീര്‍ത്തികരമായ മുദ്രാവാക്യങ്ങളുമായി എസ്എഫ്ഐ
ഹൈദരാബാദ് സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ സഖ്യകക്ഷികളായ എംഎസ്എഫ്, എസ്ഐഒ സംഘടനകള്‍ക്കെതിരെ അപകീര്‍ത്തികരമായ മുദ്രാവാക്യങ്ങളുമായി എസ്എഫ്ഐ. എബിവിപിക്കെതിരായ വിശാല സഖ്യ വിജയത്തിന്റെ ശോഭ കെടുത്തുന്നതാണ് എസ്എഫ്ഐയുടെ നടപടിയെന്ന വിമര്‍ശം ശക്തമാവുകയാണ്.
ഹൈദരാബാദ് സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയെ പരാജയപ്പെടുത്തി അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍, എസ്എഫ്ഐ, എംഎസ്എഫ്, എസ്ഐഒ തുടങ്ങിയ സംഘടനകള്‍ അടങ്ങിയ അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് മുഴുവന്‍ സീറ്റുകളും തൂത്തുവാരിയിരുന്നു. എന്നാല്‍, വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ക്യാമ്പസില്‍ നടന്ന പ്രകടനത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സഖ്യത്തിലെ രണ്ട് മുസ്‍ലിം സംഘടനകള്‍ക്കെതിരെ ഉയര്‍ത്തിയത് അപകീര്‍ത്തികരമായ മുദ്രാവാക്യങ്ങളാണ്.
ഈ മുദ്രാവാക്യങ്ങള്‍ മുസ്‍ലിം സംഘടനകളോട് എസ്എഫ്ഐ വെച്ചുപുലര്‍ത്തുന്ന വംശീയതയുടെയും അസഹിഷ്ണുതയുടെയും ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ വിശാല ചെറുത്തുനില്‍പ്പെന്ന എഎസ്ജെയുടെ ലക്ഷ്യത്തെ അട്ടിമറിക്കുന്നതാണ് എസ്എഫ്ഐയുടെ നടപടിയെന്ന വിമര്‍ശവും സാമൂഹ്യ മാധ്യമങ്ങളിലുയരുന്നു.
സഖ്യത്തിലെ എസ്ഐഒ പങ്കാളിത്തത്തെ തള്ളിപ്പറഞ്ഞ് തെരഞ്ഞെടുപ്പിന് മുന്‍പ് എസ്എഫ്ഐ രംഗത്ത് വന്നിരുന്നു. എന്നാല്‍ എസ്ഐഒ കൂടി ഉള്‍പ്പെടുന്നതാണ് സഖ്യമെന്ന വിശദീകരണം അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ നല്‍കിയതോടെ എസ്എഫ്ഐ വെട്ടിലായി. ഇതിന് ശേഷമാണ് എസ്ഐഒ - എംഎസ്എഫ് സംഘടനകള്‍ക്കെതിരായ മുദ്രാവാക്യം.