ഗൌരി ലങ്കേഷിനെ വെടിവെച്ച് കൊന്നവരെ തിരിച്ചറിഞ്ഞെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി
|മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിനെ വധിച്ചവരെ തിരിച്ചറിഞ്ഞെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി.
മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിനെ വധിച്ചവരെ തിരിച്ചറിഞ്ഞെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. എന്നാല്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറായില്ല. ഈ ഘട്ടത്തില്‍ ആരെന്ന് വെളിപ്പെടുത്തുന്നത് കേസിനെ ബാധിക്കും. അക്രമികള്‍ക്കെതിരായ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
സെപ്തംബര്‍ അഞ്ചിനാണ് ബൈക്കിലെത്തിയ അക്രമികള്‍ ഗൌരി ലങ്കേഷിനെ വീടിന് മുന്പില് വെച്ച് വെടിവെച്ചുകൊന്നത്. സംഭവം നടന്ന് ഇത്ര ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു. കല്‍ബുര്‍ഗിയുടെ കൊലപാതകത്തോട് സമാനമാണ് ഗൌരി ലങ്കേഷിന്റെ കൊലയെന്നും ഒരേ ചിന്താഗതിക്കാരാണ് ഈ കൊലകള്‍ക്ക് പിന്നിലെന്നും ആരോപണമുയര്‍ന്നിരുന്നു.
ഗൌരിയുടെ കൊലപാതകം ഒരു വിഭാഗം ആഘോഷിച്ചതും വിമര്‍ശിക്കപ്പെട്ടു. ഇവരില്‍ പലരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നവരാണെന്നിരിക്കെ ഇവരോടുള്ള മോദിയുടെ മൌനവും വിമര്‍ശനവിധേയമായി.