India
ഗോധ്ര തീവെപ്പ് :  11 പേരുടെ ശിക്ഷ ജീവപര്യന്തമാക്കിഗോധ്ര തീവെപ്പ് : 11 പേരുടെ ശിക്ഷ ജീവപര്യന്തമാക്കി
India

ഗോധ്ര തീവെപ്പ് : 11 പേരുടെ ശിക്ഷ ജീവപര്യന്തമാക്കി

admin
|
5 Jun 2018 10:14 AM GMT

വിചാരണ കോടതി വധ ശിക്ഷക്ക് വിധിച്ച 11 പേരുടെ ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ഇളവ് ചെയ്തു

ഗോധ്ര തീവെപ്പ് കേസില്‍ വിചാരണ കോടതി വധ ശിക്ഷക്ക് വിധിച്ച 11 പേരുടെ ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ഇളവ് ചെയ്തു. 11 പേരുടെ ശിക്ഷ ജീവപര്യന്തമാക്കിയാണ് ഇളവ് ചെയ്തതത്. ക്രമസമാധാനം പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ മുഖ്യ ആരോപണ വിധേയനായിരുന്ന മൗലവി ഉമര്‍ജി അടക്കം 63 പേരെ വെറുതെ വിട്ടത് കോടതി ശരിവച്ചു.

2002 ഫെബ്രുവരി 27 നായിരുന്നു കേസിനാസ്പദമായ സസംഭവം. സബര്‍മതി എക്സ്പ്രസിന്‍റെ എസ് 6 കോച്ച് അഗ്നിക്കിരയായതില്‍ 59 പേരാണ് കൊല്ലപ്പെട്ടത്. 2011 ല്‍ കേസില്‍ വിചാരണപൂര്ത്തിയാക്കിയ വിചാരണ കോടതി 134 പ്രതികളിലെ 63 പേരെ വെറുതെ വിടുകയും 31 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരില്‍ വധിശിക്ഷയ്ക്ക് വിധിക്കപ്പെട്ട 11 പേരുടെ ശിക്ഷയാണ് ഹൈക്കോടതി ഇളവ്ചെയ്തത്. വധശിക്ഷ ജീവപര്യന്തമായി കുറച്ച ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. ക്രമസമാധാനം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. മരിച്ച 59 പേരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ആറ് ആഴ്ച്ചയ്ക്കകം ഇത് നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

വിചാരണകോടതി 63 പ്രതികളെ വെറുതെവിട്ടതിനെ ഹൈക്കോടതി ശരിവെച്ചു. വിചാരണ കോടതി ജിവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച മറ്റ് 20 പ്രതികളുടെ ശിക്ഷയും ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ എ എസ് ദവെ, ജി ആര്‍ ഉദ് വാനി എന്നിവരുടെ ബെഞ്ചാണ് ശിക്ഷ വിധിച്ചത്.

ഗോധ്ര നാള്‍വഴികള്‍

2002 ഫെബ്രുവരി 27: അയോധ്യയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ കോച്ചില്‍ തീപിടിച്ച് 59 പേര്‍ മരിച്ചു. ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ട് മിനുട്ടുകള്‍ക്കകമായിരുന്നു സംഭവം. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കച്ചവടക്കാരും ട്രെയിന്‍ യാത്രക്കാരും തമ്മില്‍ കൈയാങ്കളിയുണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആറാം നമ്പര്‍ കോച്ചിന് തീപ്പിടിച്ച് കൊല്ലപ്പെട്ടവരില്‍ അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകരുമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്.
ഫെബ്രുവരി 27 - മാര്‍ച്ച് 31: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്ന് ഗുജറാത്തില്‍ അരങ്ങേറി. ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളെല്ലാം ആക്രമിക്കപ്പെട്ടു. വിവരിക്കാന്‍ കഴിയാത്ത ക്രൂരതകള്‍. 1,200ലേറെപ്പേര്‍ മരിച്ചുവെന്ന് ഔദ്യോഗിക കണക്ക്. കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിലും അധികമാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ തെരുവാധാരമായി.
മാര്‍ച്ച് മൂന്ന്: ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കു മേല്‍ പ്രിവന്‍ഷന്‍ ഓഫ് ടെററിസം ഓര്‍ഡിനന്‍സ് (പോട്ടോ) ചുമത്തി.
മാര്‍ച്ച് ആറ്: ഗോധ്ര സംഭവവും തുടര്‍ന്നുണ്ടായ അക്രമങ്ങളും അന്വേഷിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു.
മാര്‍ച്ച് 25: ആരോപണ വിധേയര്‍ക്കുമേല്‍ പോട്ടോ ചുമത്തിയത് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശമനുസരിച്ച് പിന്‍വലിച്ചു.
മെയ് 27: 54 ആരോപണവിധേയര്‍ക്കെതിരെ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ചു.
2003 ഫെബ്രുവരി 18: പ്രിന്‍വഷന്‍ ഓഫ് ടെററിസം ആക്ട് (പോട്ടോ പാര്‍ലിമെന്റ് അംഗീകരിച്ച് നിയമമാക്കിയിരുന്നു - പോട്ട) വീണ്ടും പ്രാബല്യത്തിലാക്കി. ആരോപണ വിധേയര്‍ക്കെതിരെ എല്ലാം ഈ നിയമപ്രകാരം കുറ്റം ചുമത്തി.
നവംബര്‍ 21: ഗോധ്ര സംഭവം, തുടര്‍ന്നുണ്ടായ വംശഹത്യ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലെ കോടതി നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു.
2004 സെപ്തംബര്‍ നാല്: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യു സി ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സമിതിയെ ഗോധ്ര സംഭവം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനപ്രകാരമായിരുന്നു ഇത്.
2005 ജനുവരി 17: യു സി ബാനര്‍ജി കമ്മിറ്റി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സബര്‍മതി എക്‌സ്പ്രസിലെ തീപ്പിടിത്തം യദൃച്ഛയാ സംഭവിച്ചതാണെന്ന് കമ്മിറ്റി. തീപ്പിടിത്തത്തില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പങ്കില്ലെന്നും കമ്മിറ്റി.
മെയ് 16: ആരോപണ വിധേയരായവര്‍ക്കുമേല്‍ പോട്ട ചുമത്തരുതെന്ന് പുനരവലോകന സമിതി ശിപാര്‍ശ ചെയ്തു. 2004ല്‍ അധികാരത്തില്‍ വന്ന യു പി എ സര്‍ക്കാര്‍ പോട്ട പിന്‍വലിക്കുകയും ചെയ്തിരുന്നു.
2006 ഒക്‌ടോബര്‍ 13: യു സി ബാനര്‍ജി കമ്മിറ്റിയെ നിയോഗിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഗുജറാത്ത് ഹൈക്കോടതി. നാനാവതി - ഷാ കമ്മീഷന്‍ നിലവില്‍ അന്വേഷണം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. യു സി ബാനര്‍ജി കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ അസാധുവാണെന്നും ഹൈക്കോടതി.
2008 മാര്‍ച്ച് 26: ഗോധ്ര സംഭവവും തുടര്‍ന്നുണ്ടായ വംശഹത്യയുമായി ബന്ധപ്പെട്ട ചില കേസുകളും പുനരന്വേഷിക്കുന്നതിന് സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
സെപ്തംബര്‍ 18: നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗൂഢാലോചനയുടെ ഫലമായിരുന്നു തീവെപ്പ് എന്ന് കമ്മീഷന്‍. ആള്‍ക്കൂട്ടം എസ് ആറ് കോച്ചില്‍ പെട്രോളൊഴിച്ച് തീവെക്കുകയായിരുന്നു.
2009 ഫെബ്രുവരി 19: പോട്ട ഈ കേസില്‍ പ്രാബല്യത്തിലാക്കാന്‍ സാധിക്കില്ലെന്ന പുനരവലോകന സമിതിയുടെ തീരുമാനം ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു.
ഫെബ്രുവരി 20: പോട്ട ഒഴിവാക്കാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനം ചോദ്യം ചെയ്ത് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസ് ഇപ്പോഴും പരിഗണനയിലാണ്.
2009 മെയ് ഒന്ന്: വിചാരണക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ സുപ്രീം കോടതി ഒഴിവാക്കി.
ജൂണ്‍ ഒന്ന്: അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിനുള്ളിലെ പ്രത്യേക കോടതിയില്‍ വിചാരണ ആരംഭിച്ചു.
2010 മെയ് ആറ്: ഗോധ്ര കേസില്‍ വിധി പ്രഖ്യാപിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി വിചാരണക്കോടതിയെ തടഞ്ഞു.
സെപ്തംബര്‍ 28: വിചാരണ പൂര്‍ത്തിയായി.
2011 ജനുവരി 18: വിധി പുറപ്പെടുവിക്കുന്നത് സ്റ്റേ ചെയ്തുള്ള ഉത്തരവ് സുപ്രീം കോടതി ഒഴിവാക്കി.
ഫെബ്രുവരി 22: പ്രത്യേക കോടതി 31 പേര്‍ കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ചു. 63 പേരെ വിട്ടയച്ചു.

Related Tags :
Similar Posts