ടിപ്പു സുല്‍ത്താന്‍റേത് വീരചരമമെന്ന് രാഷ്ട്രപതി
|കര്‍ണാടകയില്‍ ടിപ്പു ജയന്തി ആചരണവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വാദങ്ങളെ തള്ളിയാണ് രാഷ്ട്രപതി സംസാരിച്ചത്.
ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരചരമം പ്രാപിച്ച പോരാളിയാണ് ടിപ്പു സുല്‍ത്താനെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കര്‍ണാടക നിയമസഭയുടെ വജ്രജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് രാഷ്ട്രപതിയുടെ പരാമര്‍ശം.
കര്‍ണാടകയില്‍ ടിപ്പു ജയന്തി ആചരണവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വാദങ്ങളെ തള്ളിയാണ് രാഷ്ട്രപതി സംസാരിച്ചത്. യുദ്ധരംഗത്ത് ടിപ്പു ഉപയോഗിച്ച മൈസൂര്‍ റോക്കറ്റ് സങ്കേതിക വിദ്യയാണ് പിന്നീട് യൂറോപ്യന്മാര്‍ ഉപയോഗപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയുടെ പരാമര്‍ശം സഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ കയ്യടികളോടെ സ്വീകരിച്ചു. രാഷ്ട്രപതിക്ക് അഭിനന്ദനവും സന്തോഷവുമറിയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. എന്നാല്‍ രാഷ്ട്രപതി തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രതികരിച്ചു.
നവംബര്‍ 10നാണ് ടിപ്പു ജയന്തി. ടിപ്പു ജയന്തിയെ ചൊല്ലി കര്‍ണാടകയില്‍ ഭരണ പ്രതിപക്ഷ വാഗ്വാദം തുടരുകയാണ്. അക്രമിയും കൊലപാതകിയും സ്ത്രീകളെ ബലാത്സംഗം ചെയ്തവനുമായ ടിപ്പുവിനെ ആദരിക്കുന്ന ചടങ്ങില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി അനന്ദ കുമാര്‍ ഹെഡ്ഗെ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയക്കുകയുണ്ടായി.