India
റാഫേല്‍ ഇടപാട്: വിമാനത്തിന്‍റെ അടിസ്ഥാനവില 670 കോടിയെന്ന് കേന്ദ്രംറാഫേല്‍ ഇടപാട്: വിമാനത്തിന്‍റെ അടിസ്ഥാനവില 670 കോടിയെന്ന് കേന്ദ്രം
India

റാഫേല്‍ ഇടപാട്: വിമാനത്തിന്‍റെ അടിസ്ഥാനവില 670 കോടിയെന്ന് കേന്ദ്രം

Sithara
|
5 Jun 2018 9:59 AM GMT

റാഫേല്‍ ഇടപാടിന്‍റെ അന്തിമവില നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.

റാഫേല്‍ ഇടപാടിന്‍റെ അന്തിമവില നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അതിനാല്‍ തന്നെ ഇടപാടില്‍ വില കൂട്ടിയെന്ന് പറയാനാവില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം ആയുധങ്ങളും സര്‍വ്വീസിങ് അടക്കമുള്ളവ ഉൾപ്പെടാതെ ഒരു വിമാനത്തിന് മാത്രം ഏകദേശം 670 കോടി രൂപ വിലവരുമെന്നും വ്യത്യസ്ത ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ കേന്ദ്രം അറിയിച്ചു.

മുന്‍ സര്‍ക്കാര്‍ 126 റാഫേല്‍ വിമാനങ്ങള്‍ക്കാണ് ഫ്രാന്‍സുമായി ചര്‍ച്ചകള്‍ നടത്തിയെങ്കില്‍ ബിജെപി സര്‍ക്കാര്‍ ഫ്രാന്‍സുമായി 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് 2016 സെപ്തംബറില്‍ കരാറിലേര്‍പ്പെട്ടത്. ഇതില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാല്‍ മുന്‍സര്‍ക്കാരിന്‍റെ നീക്കം 108 യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള ലൈസന്‍സിനാണ്. പക്ഷേ നിലവിലെ കരാര്‍ പൂര്‍ണസജ്ജമായ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനാണ്. അതിനാല്‍ തന്നെ യുപിഎ യുടെ പ്രൊപ്പോസലും നിലവിലെ കരാറും തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെന്നാണ് വാദം. പുതിയ കരാര്‍ പ്രകാരം കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന വാദവും സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഇടപാടിലെ തുക ഇതുവരേയും അന്തിമമായി നിശ്ചയിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം വിവേക് ടങ്കയുടെ ചോദ്യത്തിന് മറുപടി നല്‍കി.

അതേസമയം 2016 നവംബറിലെ വിനിമയ നിരക്കനുസരിച്ച് ഒരു റാഫേല്‍ വിമാനത്തിന് ഏകദേശം 670 കോടി വിലവരുമെന്നാണ് മറ്റൊരംഗമായ രവി പ്രകാശ് വര്‍മയുടെ ചോദ്യത്തിന് പ്രതിരോധ മന്ത്രാലയം നല്‍കിയ മറുപടി. എന്നാലിത് അനുബന്ധ ഉപകരണങ്ങളോ ആയുധങ്ങളോ ഇന്ത്യയുടെ ആവശ്യപ്രകാരമുള്ള മാറ്റങ്ങളോ വരുത്താത്തതാണ്. മെയിന്‍റനന്‍സും മറ്റ് സേവനങ്ങളും ഇതിനുപുറമെ വരുമെന്നും കേന്ദ്രത്തിന്‍റെ മറുപടി വ്യക്തമാക്കുന്നു. ഇതെല്ലാം ചേര്‍ന്ന് എത്രയാണ് ഓരോ വിമാനത്തിനും ഇന്ത്യക്ക് ചെലവാകുന്നതെന്ന് പക്ഷെ ഇപ്പോഴും ഇന്ത്യ വ്യക്തമാക്കിയിട്ടില്ല.

Similar Posts