3.12 ലക്ഷം ഭൂരിപക്ഷത്തിന് ജയിച്ച ഗോരഖ്പൂരില്‍ ബിജെപിക്ക് തോല്‍വി
|ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ചു തവണ വിജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍...
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് 3.12 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഗോരഖ്പൂരില്‍ ബിജെപി 26148 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായതിനെ തുടര്‍ന്നാണ് ഗോരഖ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ചു തവണ വിജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. ഉപതെരഞ്ഞെടുപ്പ് നടന്ന ഗോരഖ്പൂരിലും ഫുല്‍പൂരിലും തോറ്റത് ബിജെപിക്ക് കനത്ത തിരിച്ചടിയായി.
ഗോരഖ്‍പൂരില്‍ എസ്പിയിലെ പ്രവീണ്‍ നിഷാദാണ് ബിജെപിയുടെ ഉപേന്ദ്ര ദത്ത് ശുക്ലയെ 26000ത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. 'പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും ഗോരഖ്പൂരിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. വാഗ്ദാനങ്ങള്‍ മാത്രമാണ് അവര്‍ ജനങ്ങള്‍ക്ക് നല്‍കിയത്' സമാജ്‌വാദി പാര്‍ട്ടി വക്താവ് അനുരാഗ് ബോദാരിയ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
ഗോരഖ്പൂരിനൊപ്പം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രാജിവെച്ചതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ഫുല്‍പൂരിലും ബിജെപിക്ക് തിരിച്ചടി നേരിട്ടു. ഫുല്‍പൂരില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നരേന്ദ്ര പ്രതാപ് സിങ് പട്ടേല്‍ 59613 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 3,42,796 വോട്ടുകളാണ് ഇദ്ദേഹം നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി കൗശലേന്ദ്ര സിങ് പട്ടല്‍ 2,67,776 വോട്ടുകള്‍ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കേശവ പ്രസാദ് മൗര്യ 2,83,183 വോട്ടുകള്‍ നേടി വിജയിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മത്സരിച്ച മണ്ഡലമാണ് ഫുല്‍പൂര്‍.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ബിജെപിയുടെ അഭിമാന പോരാട്ടമാണ് യുപിയില്‍ നടന്നത്. ഉപതെരഞ്ഞെടുപ്പില്‍ ഗോരഖ്പൂരിലും(47.25%) ഫുല്‍പൂരിലും(37.39%) പോളിംങില്‍ വലിയ തോതിലുള്ള കുറവാണ് രേഖപ്പെടുത്തിയിരുന്നത്. എസ്പി- ബിഎസ്പി- നിഷാന്ത് പാര്‍ട്ടി- പീസ് പാര്‍ട്ടി സഖ്യമാണ് ഇത്തവണ ഗോരഖ്പൂരില്‍ ബിജെപിയെ നേരിട്ടത്. യോഗി ആദിത്യനാഥിന്റെ തട്ടകത്തില്‍ സഖ്യം വന്‍ മുന്നേറ്റമാണ് നടത്തിയത്. ഇതോടെ അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എസ്പി ബിഎസ്പി സഖ്യത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്.