അഞ്ചാം ക്ലാസുകാരിക്ക് നേരെ സഹപാഠികളുടെ ക്രൂരത; കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കൊന്നു
|ഗുവാഹത്തിയില്‍ 122 കിലോമീറ്റര്‍ അകലെയുള്ള നാഗോണ്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് ഈ ക്രൂരകൃത്യം നടന്നത്.
അസ്സമില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് നേരെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ക്രൂരത. വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചുകൊന്നു. ഗുവാഹത്തിയില്‍ 122 കിലോമീറ്റര്‍ അകലെയുള്ള നാഗോണ്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് ഈ ക്രൂരകൃത്യം നടന്നത്. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ വെള്ളിയാഴ്ച നാഗോണ്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഗുവാഹത്തി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോളാണ് കുട്ടി മരിച്ചത്.
സംഭവത്തില്‍ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമന് ഒളിവിലാണ്. സ്കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികളാണ് മാനഭംഗപ്പെടുത്തിയതെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴിനല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും നാഗാവോന്‍ എസ് പി ശങ്കര്‍ റെയ്മേദി പറഞ്ഞു. അറസ്റ്റിലായവര്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്നും മൂന്നാമനു വേണ്ടി തെരച്ചില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാലുംഗ് ഗാവോണിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. സ്കൂളില്‍നിന്നും എത്തിയ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ഈ സമയത്താണ് അക്രമികള്‍ അതിക്രമിച്ചു കയറി പീഡനത്തിനിരയാക്കിയത്. പിന്നീട് പെണ്‍കുട്ടിയുടെ ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തു. വീട്ടില്‍നിന്നും തീയും പുകയും ഉയരുന്നതു കണ്ട് എത്തിയ ബന്ധുക്കളാണ് പെണ്‍കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.